മനോജ് പാലോടൻ തിരക്കിലാണ്
1578259
Wednesday, July 23, 2025 6:52 AM IST
നെടുമങ്ങാട് : മലയാള സിനിമയിൽ പത്തു വർഷം മുമ്പ് തെളിഞ്ഞുവന്ന പേരാണ് മനോജ് പാലോടൻ. സിനിമയോടുള്ള കടുത്ത അഭിനിവേശംമൂലം പെരിങ്ങമ്മല ഇക്ബാൽ കോളജിൽ ബിഎ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് പ്രമുഖ സംവിധായകൻ വിജി തമ്പിയുടെ അസിസ്റ്റന്റ് ഡയറക്ടറായി തുടക്കം കുറിച്ചത് 1999ലാണ്. പിന്നീട് സജി സുരേന്ദ്രൻ, വേണു നാഗവള്ളി എന്നിവരോടൊപ്പം അസിസ്റ്റന്റായും അസോസിയേറ്റ് ഡയറക്ടറായും നീണ്ട പതിനഞ്ചു വർഷങ്ങൾ.
ആദ്യ സിനിമയായ 'ഇത് താൻടാ പോലീസിന്റെ' കഥ ആസിഫ് അലിയോട് പറയുന്നത് 2014ലാണ്. ബോക്സ് ഓഫീസ് വിജയമായിരുന്ന ഈ സിനിമയ്ക്കുശേഷം ഒരു വ്യത്യസ്ത കഥയ്ക്ക് വേണ്ടിയുള്ള അന്വേഷണം ചെന്നെത്തിയത് അട്ടപ്പാടിയിൽ. പ്രകൃതിയും മനുഷ്യനും ഇഴചേർന്നു നിൽക്കുന്ന അട്ടപ്പാടിയിലെ ഗോത്ര സമൂഹത്തിന്റെ ജീവിതം പ്രമേയമായ രണ്ടാമത്തെ സിനിമ 'സിഗ്നേച്ചർ" 2022ൽ റിലീസായി.
മൂന്നാമത്തെ സിനിമ ‘രവീന്ദ്രാ നീ എവിടെ?’ റിലീസായി വിജയകരമായി തീയറ്ററുകളിൽ പ്രദർശനം തുടരുന്നു. പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ ശ്രമിക്കുന്ന മനോജ് പാലോടന് പൂർണ പിന്തുണ നൽകി നാട്ടുകവലകളിലും സോഷ്യൽമീഡിയാ പേജുകളിലും സിനിമയുടെ പ്രമോഷൻ വർക്കുകളിൽ ഏർപ്പെട്ടിരിക്കുകയാണ് സുഹൃദ് വലയം. കൃഷ്ണപൂജപ്പുരയാണ് രവീന്ദ്രാ നീ എവിടെ ? സിനിമയുടെ തിരക്കാഥാകൃത്ത്. ബി.കെ ഹരി നാരായണന്റെ വരികൾക്കു സംഗീതം നൽകിയിട്ടുള്ളത് പ്രകാശ് ഉള്ളേരിയാണ്.
ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് പാടിയിരിക്കുന്നത്. അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ കൃഷ്ണ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, ഷീലു ഏബ്രഹാം, എൻ.പി. നിസ, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. നാട്ടിലെ പ്രിയപ്പെട്ട കൂട്ടുകാർക്കും വെള്ളിത്തിരയിൽ ഇടം നല്കാൻ ഈ സിനിമയിലൂടെ മനോജിന് സാധിച്ചിട്ടുണ്ട്. മനോജ് ഇപ്പോൾ തന്റെ പുതിയ സിനിമയുടെ പ്രമോഷൻ തിരക്കിലാണ്.