വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ആഡംബര കാര്‍ കത്തിനശിച്ചു
1578260
Wednesday, July 23, 2025 6:57 AM IST
പേരൂര്‍ക്കട: ഓട്ടം കഴിഞ്ഞു വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലക്ഷ്വറി കാര്‍ കത്തിനശിച്ചു. വഞ്ചിയൂര്‍ സ്റ്റേഷന് പരിധിയില്‍ പാല്‍ക്കുളങ്ങര ദേവി നഗര്‍ ടി.സി 85/1203-ല്‍ രതീഷിന്റെ ഉടമസ്ഥതയിലുള്ള 2011 മോഡല്‍ സി ക്ലാസ് ബെന്‍സ് കാറാണ് കത്തിനശിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടുകൂടിയാണ് സംഭവം.
വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്തശേഷം ഉടമ വീടിനുള്ളിലേക്കു കയറുന്നതിനിടെയാണു കാറില്‍ നിന്നു തീയും പുകയും ഉയര്‍ന്നത്. എന്‍ജിന്റെ ഭാഗത്തുനിന്നു തീ ഉയരുകയും പിന്നീട് ബാക്കി സ്ഥലത്തേക്ക് വ്യാപിക്കുകയുമായിരുന്നു. മോഡിഫിക്കേഷന് വരുത്തിയതു മൂലമുണ്ടായതോ സെന്‍സര്‍ സംബന്ധമായതോ ആയ ഷോര്‍ട്ട് സർക്യൂട്ടാകാം തീപിടിത്തത്തിനു കാരണമെന്നു കരുതുന്നു.
ചാക്ക ഫയര്‍സ്റ്റേഷനില്‍നിന്ന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ബി. ഷാജിയുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ ഇ. മഹേഷ്, എഫ്ആര്‍ഒ ഡ്രൈവര്‍ ജയേഷ് ചന്ദ്രന്, എഫ്ആര്‍ഒമാരായ സജികുമാര്‍, മുകേഷ് കുമാര്‍, ആദര്‍ശ് ആര്. കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അരമണിക്കൂര്‍ പരിശ്രമിച്ചാണ് തീ കെടുത്തിയത്.