തെരഞ്ഞെടുപ്പ് കമ്മീഷന് രാജ്യത്തിന് ശാപവും അപമാനവും: ബിനോയ് വിശ്വം
1582316
Friday, August 8, 2025 7:09 AM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന് രാജ്യത്തിനു ശാപവും അപമാനവുമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഹുല്‍ ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെങ്കില്‍, തെരഞ്ഞെടുപ്പ് കമ്മീഷന് തന്റേടമുണ്ടെങ്കില്‍ അദ്ദേഹത്തെ ശിക്ഷിക്കണമെന്നും ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് രാജിവയ്ക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയ്ക്കുവേണ്ടി സ്തുതി പാടുന്നവരെ മാത്രം ഉയര്‍ത്തിക്കാട്ടി എല്ലാ സ്ഥാപനങ്ങളെയും ബിജെപിയുടെ കൈയിലെ കളിപ്പാവയാക്കുന്നതിനെതിരെയുള്ള ജനങ്ങളുടെ പോരാട്ടങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടകയിലും മഹാരാഷ്ട്രയിലും എല്ലാം തെരഞ്ഞെടുപ്പു കമ്മീഷന് ബിജെപിക്കുവേണ്ടി കളിച്ച കള്ളക്കളിയെക്കുറിച്ചാണ് രാഹുല്‍ ഗാന്ധി ഇന്നലെ പറഞ്ഞത്. അതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരമുണ്ടെങ്കില്‍ പറയണം. സ്വതന്ത്രവും സത്യസന്ധവുമായ തെരഞ്ഞെടുപ്പിനു വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പ്രവര്‍ത്തിക്കേണ്ടത്.
അതിനു പറ്റിയില്ലെങ്കില്‍ രാജിവയ്ക്കുക തന്നെ വേണം. മത്സ്യ, കശുവണ്ടി, കയര്‍, കാര്‍ഷിക മേഖലയെല്ലാം തകര്ത്തെറിയുംവിധം നാടിന്റെ സാമ്പത്തിക വ്യവസ്ഥയെ മുഴുവന്‍ തകര്‍ക്കുന്ന വ്യാപാര ചുങ്കം എന്ന ഭ്രാന്തിന്റെ ശില്പിയാണ് ഡൊണാള്‍ഡ് ട്രംപ് എന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
വ്യാപാര ചുങ്കം കൂട്ടിയാല്‍ നാളെ അത് നമ്മുടെ സമസ്ത മേഖലയിലും പ്രതിഫലിക്കും. ട്രംപിനെക്കുറിച്ച് മോഡി ഒന്നും പറയുന്നില്ല. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമെല്ലാം മോഡിയെക്കുറിച്ച് ട്രംപ് പറഞ്ഞിട്ടും മോഡിക്ക് മിണ്ടാട്ടമില്ല.
മോഡിയുടെ നാക്ക് ഇന്ത്യയ് ക്കുവേണ്ടി സംസാരിക്കുന്നുണ്ടെങ്കില്‍ ട്രംപിനോട് ഈ വ്യാപാര ചുങ്കം പിന്‍വലിക്കാന്‍ പറയണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ട്രംപിനെ കണ്ടാല്‍ കവാത്ത് മറക്കാനെ മോഡിക്ക് ആകൂ. ട്രംപിനെ കാണുമ്പോള്‍ മോഡിയുടെ മുട്ടു കൂട്ടിയിടിക്കും. സ്വദേശിമിത്രം പറഞ്ഞു വിദേശ കൊള്ളക്കാര്‍ക്കുവേണ്ടി ദാസ്യപ്പണിക്കു പോകുന്ന പാര്‍ട്ടിയാണ് ബിജെപി. ഇന്ത്യയ്ക്കുവേണ്ടി സംസാരിക്കാന്‍ സിപിഐ ഉണ്ടായിരിക്കും.
ട്രംപിനു മുന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പറയാന്‍ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുവോ, ക്രിസ്ത്യാനിയോ, ജൈനനോ, മുസ്ലിമോ, പാഴ്സിയോ ആരുമാകട്ടെ നിങ്ങള്‍ ഇന്ത്യക്കാരാണെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചേര്‍ത്തു പിടിക്കും.
സിപിഐ വോട്ടിനു വേണ്ടി എവിടെയും കേക്കുമായി പോകാറില്ല. സ്വര്‍ണം പൂശിയ കിരീടവുമായും പോകാറില്ല. മനുഷ്യന്റെ ഹൃദയത്തിലേക്കാണ് ഞങ്ങള്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്മാന് കെ.എസ്. അരുണ്‍ സ്വാഗതം പറഞ്ഞു. മന്ത്രി ജി.ആര്. അനില്‍, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്‍. രാജന് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. രാഖി രവികുമാര്‍ നന്ദി പറഞ്ഞു.
പ്രതിനിധി സമ്മേളനം ഇന്നും നാളെയുമായി വഴുതക്കാട് ടാഗോര്‍ തിയറ്ററിലെ കാനം രാജേന്ദ്രന് നഗറില്‍ നടക്കും. രാവിലെ 10ന് ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.