പഞ്ചായത്ത് റോഡിന്റെ അരികുതകർന്നു : ടോറസ് ലോറി കുളത്തിലേക്കു മറിഞ്ഞ സംഭവം വിവാദത്തിലേയ്ക്ക്
1582332
Friday, August 8, 2025 7:24 AM IST
വിളവൂർക്കൽ: പഞ്ചായത്ത് റോഡിന്റെ അരികുതകർന്നു ടോറസ് ലോറി കുളത്തിലേക്കു തലകീഴായി മറിഞ്ഞ സംഭവം വിവാദത്തിലേയ്ക്ക്. ഇരട്ടക്കലുങ്ക് മാമ്പഴച്ചിറ കുളത്തിലാണ് ലോറി മറിഞ്ഞത്. അപകടത്തിൽപ്പെട്ട വാഹനം ഓടിച്ചിരുന്ന ഡ്രൈവർ വെള്ളറട ആലുംകുഴി തലനിര പുത്തൻവീട്ടിൽ ഷിജോ(39) അത്ഭുതകരമായി രക്ഷപ്പെട്ടു.
മാമ്പഴച്ചിറ കുളത്തിനുസമീപം പഞ്ചായത്ത് ഒൻപതുലക്ഷം രൂപ ചെലവഴിച്ച് ഹാപ്പിനസ് പാർക്ക് നിർമിച്ചിരുന്നു. ഇതിനോടനുബന്ധിച്ചാണ് റോഡിന്റെ വശം കോൺക്രീറ്റ് ചെയ്തത്. റോഡിന്റെ ബലക്കുറവ് അപകടത്തിനിടയാക്കിയെന്നും ആരോപണമുണ്ട്. പത്തു ടണ്ണിലധികം ഭാരമുള്ള വാഹനത്തിന് ഇതുവഴി പോകാൻ അനുവാദമില്ലെന്നും ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിരുന്നതായും പഞ്ചായത്ത് അംഗം ഒ.ജി. ബിന്ദു പറഞ്ഞു.
ഇക്കാരണത്താൽ തകർന്ന റോഡും കുളത്തിന്റെ പാർശ്വഭിത്തിയും പുനർനിർമിച്ചു നൽകണമെന്ന് ഹോളോബ്രിക്സ് കമ്പനി ഉടമയോടും വാഹന ഉടമയോടും പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലം കടയ്ക്കലിൽനിന്ന് ഹോളോബ്രിക്സ് കമ്പനിയിലേക്കുള്ള ചല്ലിയുമായി വന്നതാണ് ലോറി.
മഴയുള്ള സമയം പിറകിൽവന്ന സ്കൂട്ടർ യാത്രക്കാരിക്ക് കയറിപ്പോകാൻ വാഹനം അരികിലേക്കു ഒതുക്കിയപ്പോഴാണ് 15അടിയോളം താഴ്ചയിൽ കുളത്തിലേക്കു ലോറി മറിഞ്ഞതെന്നു സമീപവാസി പറഞ്ഞു. ലോറി കുളത്തിലേക്കു വീഴുമ്പോൾ കാബിനിലെ ഗ്ലാസ് തകർന്നതിനാൽ ഡ്രൈവർ അതുവഴി രക്ഷപ്പെട്ടു. അതിനിടെ ആരോപണവുമായി ബിജെപിയും കോൺഗ്രസും രംഗത്തു വന്നിട്ടുണ്ട്.