ദീപിക കളർ ഇന്ത്യ മത്സരം ഇന്ന്
1582317
Friday, August 8, 2025 7:09 AM IST
തിരുവനന്തപുരം: ഇന്ത്യ എന്ന വികാരം ഹൃദയതാളമായി മാറുന്ന ദീപിക കളർ ഇന്ത്യ മത്സരം ഇന്നു നടക്കും. പുതുതലമുറയിൽ ദേശഭക്തിയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന ദേശീയോദ്ഗ്രഥന മുന്നേറ്റത്തിനാണ് കുട്ടികൾ വർണം ചാർത്തുന്നത്.
നാലാഞ്ചിറ നവജീവൻ ബഥനി വിദ്യാലയത്തിൽ നടക്കുന്ന ജില്ലാതല ഉദ്ഘാടനം രാവിലെ 9.30ന് രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് നിർവഹിക്കും. നവജീവൻ ബഥനി സ്കൂൾ അഡ്മിനിസ്ട്രേ റ്റർ ഫാ. തോമസ് ജോർജ് ഒഐസി അധ്യക്ഷത വഹിക്കും. ദീപിക റസിഡന്റ് മാനേജരും തിരുവനന്തപുരം മലങ്കര അതിരൂപത വികാരി ജനറാളുമായ മോൺ. ഡോ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ ആമുഖ പ്രഭാഷണം നടത്തും.
നവജീവൻ ബഥനി സ്കൂൾ പ്രിൻസിപ്പൽ ഷന രഞ്ജിത്ത് ആശംസകളർപ്പിക്കും. ദീപിക സർക്കുലേഷൻ മാനേജർ ഇ.വി. വർക്കി സ്വാഗതവും ഡിസിഎൽ പ്രവിശ്യാ പ്രസിഡന്റ് ആംബ്രോസ് പി. കുന്നിൽ നന്ദിയും പറയും.
എൽകെജി മുതൽ പ്ലസ് ടുവരെയുള്ള കുട്ടികളാണ് വിവിധ വിഭാഗങ്ങളിലായി ഈ മത്സരത്തിൽ അണിചേരുന്നത്. ലഹരിക്കെതിരേയുള്ള പോരാട്ടവും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാനുള്ള സന്ദേശവും കുട്ടികൾക്കു പകർന്നു നൽകാൻ ലക്ഷ്യമിട്ടാണ് ദീപികയും ദീപിക ബാലസഖ്യവും മത്സരം സംഘടിപ്പിക്കുന്നത്.