ശുചീകരണമില്ല; പേരൂര്‍ക്കട ഇഎസ്ഐ പരിസരം കാടുകയറിയ നിലയില്‍
1582547
Saturday, August 9, 2025 6:48 AM IST
പേരൂര്‍ക്കട: ശുചീകരണമില്ലാത്തതിനാല്‍ പേരൂര്‍ക്കട ഇഎസ്ഐ പരിസരം കാടുകയറിയ നിലയില്‍. ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു സമീപം വരെ കാടുപിടിച്ചു കിടക്കുകയാണ്. ഇവിടെ കാറുകളും ഇരുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നതിന് സ്ഥലദൗര്ലഭ്യമുണ്ട്. അതിനിടെയാണ് കൂറ്റന്‍ മരങ്ങളില്‍നിന്നു തൂങ്ങിയിറങ്ങുന്ന വള്ളിപ്പടര്‍പ്പുകളും തറയില്‍ വളര്‍ന്നു പൊങ്ങിനില്ക്കുന്ന കളകളും ഉള്‍പ്പെടെ കാടുകയറിയിരിക്കുന്നത്.
അതേസമയം രാത്രികാലങ്ങളില്‍ ഇഴജന്തുക്കളുടെ ശല്യം ഇവിടെയുണ്ടെന്നാണ് രോഗികളെ കാണാനെത്തുന്ന കൂട്ടിരിപ്പുകാര്‍ പറയുന്നത്. പക്ഷേ, ആശുപത്രി അധികൃതര്‍ ഇതിനൊരു സ്ഥിരീകരണം നല്‍കിയിട്ടില്ല. വിഷമുള്ള പാമ്പുകളെ കൂടുതലായി കണ്ടുവെന്നു പറയുന്നില്ലെങ്കിലും ചേര ഉള്‍പ്പെടെയുള്ള ഉരഗങ്ങള്‍ മതില്ക്കെട്ടുകളിലൂടെ പുറത്തേക്ക് പോകുന്നത് പൊതുജനങ്ങളെ ഭയപ്പാടിലാക്കും.
കൃത്യമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ഭീതി ഒഴിവാക്കാമായിരുന്നു. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള സ്ഥാപനമായതിനാല്‍ ഇഎസ്ഐയുടെ പരിപൂര്‍ണമായ ചുമതല കേന്ദ്രസംഘത്തിനു തന്നെയാണ്. ഇവിടത്തെ ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുകള്‍ക്കു സമീപം തണല്‍മരങ്ങള്‍ അപകടഭീഷണി സൃഷ്ടിക്കുന്നതുകൂടാതെ ഈ ഭാഗത്തും അവിടവിടെയായി കാടുവളര്‍ന്നു കിടക്കുന്നുണ്ട്.