റെഡ് വോളണ്ടിയര്‍ മാര്‍ച്ചിലും റാലിയും ആയിരങ്ങള്‍ പങ്കെടുത്തു
1582321
Friday, August 8, 2025 7:09 AM IST
തിരുവനന്തപുരം: സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നഗരത്തില്‍ ഇന്നലെ നടന്ന റെഡ് വോളണ്ടിയര്‍ മാര്‍ച്ചിലും ബഹുജന റാലിയിലും ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി നഗരത്തില്‍ ചെങ്കൊടികളും ചുവന്ന തോരണങ്ങളും നിറഞ്ഞിരുന്നു. അതിനിടയിലൂടെ റെഡ് വോളണ്ടിയര്‍മാരും ചെങ്കൊടികളേന്തി പാര്‍ട്ടി പ്രവര്‍ത്തകരും ചുവടുവച്ചു. വളരെ സാവധാനമാണ് പ്രകടനം ഓരോ പോയിന്റും കടന്നുപോയത്.
25-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതീകമായി ചുവന്ന വസ്ത്രങ്ങള്‍ ധരിച്ച പ്രവര്‍ത്തകര്‍ 25 ഇരുചക്രവാഹനങ്ങളിലായി പ്രകടനത്തിന്റെ ഏറ്റവും മുന്നില്‍ സഞ്ചരിച്ചു. പിന്നാലെ ജില്ലയിലെ 17 മണ്ഡലങ്ങളില്‍ നിന്നുള്ള പുരുഷ, വനി താ വോളണ്ടിയര്‍മാര്‍ അണിനിരന്നു. ബഹുജനറാലിയുടെ മുന്‍നിരയില്‍ ജില്ലാ കൗണ്‍സിലിന്റെ ബാനറില്‍ ജില്ലാ നേതാക്കള്‍ പങ്കെടുത്തു. അതിനുശേഷം വിവിധ മണ്ഡലം കമ്മിറ്റികളും അവിടങ്ങളിലെ ലോക്കല്‍ കമ്മിറ്റികളും പ്രത്യേകം പ്രത്യേകമായി ബാനറിനുപിന്നില്‍ പ്രവര്‍ത്തകരെ അണിനിരത്തി.
മുതിര്‍ന്ന അംഗങ്ങളോടൊപ്പം ചെറുപ്പക്കാരും സ്ത്രീകളും കുട്ടികളും ആവേശത്തോടെ മുദ്രാവാക്യങ്ങള്‍ മുഴക്കി റാലിയില്‍ പങ്കാളികളായി. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു ചിഹ്നമായ അരിവാളും ധാന്യക്കതിരും ഉള്‍പ്പെടെയുള്ളവ ചിത്രീകരിച്ച നിശ്ചലദൃശ്യങ്ങളും വിവിധ മണ്ഡലം ലോക്കല്‍ കമ്മിറ്റികള്‍ അവതരിപ്പിച്ചു. ചെണ്ട വാദ്യം, ബാന്‍ഡ് മേളം, തുടങ്ങിയവയും മാറ്റുകൂട്ടി.