സുരക്ഷ ഒരുക്കി 10 കാമറകൾ കൂടി എത്തി
1582327
Friday, August 8, 2025 7:24 AM IST
കാട്ടാക്കട: കാട്ടാക്കട ടൗണിൽ 10 കാമറകൾകൂടി സ്ഥാപിക്കും. ഇതോടെ പ്രദേശത്തെ മുഴുവൻ ഭാഗങ്ങളും ബന്ധപ്പെട്ടവർക്കു വീക്ഷിക്കാനും സുരക്ഷാനടപടികൾ ഒരുക്കാനും കഴിയും. ഇതു സംബന്ധിച്ച് പോലീസ്, താലൂക്കുതല സംവിധാനമൊരുക്കിയതായും പ്രസിഡന്റ് അനിൽകുമാർ അറിയിച്ചു.
അടുത്തിടെ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ സാമൂഹ്യവിരുദ്ധശല്യം വർധിക്കുന്നതായും ആ ഭാഗത്തൊന്നും കാമറ സംവിധാനം ഇല്ലെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാമറ സംവിധാനം കൂടുതൽ ഇടങ്ങളിലേയ്ക്ക് വ്യാപിച്ചത്.
കാട്ടാക്കട ബസ് ഡിപ്പോ, ചൂണ്ടുപലക, ചന്ത ജംഗ്ഷൻ, ട്രഷറി ജംഗ്ഷൻ, കട്ടയ്ക്കോട് റോഡ് തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും വരിക. ഇതോടെ കാട്ടാക്കട പട്ടണം മുഴുവൻ കാമറ സംവിധാനത്തിലായി.