തെളിവെടുപ്പ് പൂര്‍ത്തിയായി : അനന്തപുരി മണികണ്ഠനും സുനിലും റിമാന്‍ഡില്‍
1582539
Saturday, August 9, 2025 6:39 AM IST
പേരൂര്‍ക്കട: നാലുദിവസം നീണ്ടുനിന്ന കസ്റ്റഡികാലാവധി അവസാനിച്ചതോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി വസ്തുതട്ടിപ്പു കേസിലെ പ്രതികളായ അനന്തപുരി മണികണ്ഠനെയും സുനില്‍ബാബു തോമസിനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ജവഹര്‍ നഗറിലെ ഡോറ അസറിയ ക്രിപ്സിന്റെ വസ്തുവും വീടും വ്യാജ രേഖകള്‍ നിര്‍മിച്ച് തട്ടിയെടുത്ത സംഭവത്തിലെ കണ്ണികളാണ് ഇരുവരും. കഴിഞ്ഞദിവസം മണികണ്ഠനെ ഇയാളുടെ കിള്ളിപ്പാലത്തുള്ള ആധാരമെഴുത്ത് ഓഫീസിലും മേലാംകോടുള്ള വീട്ടിലും പുത്തന്‍കോട്ടയിലെ വാടകവീട്ടിലും എത്തിച്ചു വെളിവെടുത്തിരുന്നു. ആധാരമെഴുത്ത് ഓഫീസില്‍ ഇയാള്‍ നടത്തിയ തിരിമറികളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു.
ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനായി തന്റെ സഹോദരന്റെ യൂസര്‍ നെയിമും പാസ്വേര്ഡും ഉപയോഗിച്ചാണ് മണികണ്ഠന് ലോഗിന്‍ ചെയ്തതെന്നു കണ്ടെത്തി. തട്ടിപ്പുനടത്തുന്നതിന് ഉപയോഗിച്ച വ്യാജരേഖകളുടെ ഫോട്ടോകോപ്പികളും ആധാരമെഴുത്ത് ഓഫീസില്‍ നിന്നു ലഭിച്ചു.
മണികണ്ഠന് താമസിച്ചിരുന്ന വീടുകളിലും ഇയാളെ എത്തിച്ചു. വീട്ടില്‍ നിന്ന് ആധാരമെഴുത്ത് ഓഫീസിലെത്തിയശേഷം അവിടെനിന്ന് സ്കൂട്ടറിലാണ് മണികണ്ഠന് ശാസ്തമംഗലം സബ്രജിസ്ട്രാര്‍ ഓഫീസിലേക്ക് എത്തിയത്. അതേസമയം കേസിലെ പ്രധാന പ്രതിയായ അനില്‍ തമ്പി കഴിഞ്ഞ ഒരുമാസത്തിലേറെയായി ഒളിവിലാണ്.
കേസില്‍ ആദ്യം അറസ്റ്റുചെയ്യപ്പെട്ട മെറിന് ജേക്കബ് വസ്തു വിലയാധാരമായി എഴുതിനല്‍കിയ ചന്ദ്രസേനന്റെ മരുമകനാണ് അനില്‍ തമ്പി. തമ്പിയെ പിടികൂടുന്നതിനുവേണ്ടി കേരളത്തിലാകെ അന്വേഷണം നടത്തിയ പോലീസ് ഇപ്പോള്‍ അന്യസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.
ഇയാള്‍ വിമാനത്താവളത്തിലെത്താതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അനില്‍തമ്പി ഉടന്‍ പിടിയിലാകുമെന്ന് മ്യൂസിയം പോലീസ് പറയുന്നു.