ജില്ലയിൽ ആവേശമായി ദീപിക കളർ ഇന്ത്യ മത്സരം
1582537
Saturday, August 9, 2025 6:39 AM IST
തിരുവനന്തപുരം: ലഹരിക്കെതിരേയുള്ള പോരാട്ടവും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാനുള്ള സന്ദേശവും കുട്ടികൾക്കു പകർന്നു നൽകുന്നതിനായി ദീപികയും ദീപിക ബാലസഖ്യവും കൈകോർത്തു സംഘടിപ്പിച്ച ദീപിക കളർ ഇന്ത്യ മത്സരത്തിന് തിരുവനന്തപുരം ജില്ലയിൽ ആവേശകരമായ പങ്കാളിത്തം. ജില്ലയിലെ നിരവധി വിദ്യാലയങ്ങളിലായി അരങ്ങേറിയ മത്സരത്തിൽ പതിനായിരക്കണക്കിനു വിദ്യാർഥികൾ പങ്കെടുത്തു.
4,346 വിദ്യാർഥികളെ മത്സരത്തിൽ അണിനിരത്തിയ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച സ്കൂൾ എന്ന ബഹുമതി കരസ്ഥമാക്കി. നാലാഞ്ചിറ നവജീവൻ ബഥനി വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസീസ് ക്ലീറ്റസ് ദീപിക കളർ ഇന്ത്യ മത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
ദീപിക തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് മാനേജർ റവ.ഡോ. വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്കോപ്പ ആമുഖപ്രഭാഷണം നടത്തി. ഡിസിഎൽ പ്രവിശ്യ പ്രസിഡന്റ് അംബ്രോസ് പി. കുന്നിൽ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്കൂൾ കറസ്പോണ്ടന്റ് ഫാ. തോമസ് ജോർജ് ഒഐസി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഷാന രഞ്ജിത്, ദീപിക തിരുവനന്തപുരം യൂണിറ്റ് സർക്കുലേഷൻ മാനേജർ ഇ.വി. വർക്കി തുടങ്ങിയവർ പ്രസംഗിച്ചു.