ഒപ്റ്റോമെട്രിയുടെ മറവില്‍ തട്ടിപ്പ്; കണ്ണാശുപത്രിയിലെ ജീവനക്കാരന് അറസ്റ്റില്‍
1582541
Saturday, August 9, 2025 6:39 AM IST
പേരൂര്‍ക്കട: കണ്ണിന്റെ പ്രശ്നങ്ങള്‍ കണ്ടെത്തി പഠിക്കുന്ന ശാസ്ത്രശാഖയായ ഒപ്റ്റോമെട്രിയുടെ മറവില്‍ പണം തട്ടിയ സംഭവത്തില്‍ കണ്ണാശുപത്രിയിലെ ജീവനക്കാരന് അറസ്റ്റില്‍.
കൊല്ലം ശാസ്താംകോട്ട മുതുപിലാകാട് പടിഞ്ഞാറ് എംടിഎംഎം കണ്ണാശുപത്രിക്കു സമീപം പ്ലാവിളയില്‍ ജി. പ്രവീണ്‍ (44) ആണ് അറസ്റ്റിലായത്. 2024-ലാണ് കേസിന്നാസ്പദമായ സംഭവം.
തിരുവനന്തപുരം പിഎംജിയില്‍ പ്രവര്‍ത്തിക്കുന്ന പ്രിസൈസ് ഐ കെയര്‍ പ്രൈവറ്റ് ലിമിറ്റഡിലെ സ്റ്റാഫായിരുന്നു പ്രവീണ്‍. ഒപ്റ്റോമെട്രി പഠനത്തിന് ആശുപത്രിയില്‍ എത്തിച്ചേര്‍ന്ന ഏഴ് വിദ്യാര്‍ഥികള്‍ നല്കിയ സെമസ്റ്റര്‍ ഫീസാണ് ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങിയത്. ഫീസ് തുക ആശുപത്രിയുടെ അക്കൗണ്ട് എന്ന വ്യാജേന തന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയായിരുന്നു പ്രവീണ്‍.
ഇപ്രകാരം രണ്ട് ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. സെമസ്റ്റര്‍ പരീക്ഷയെഴുതാനെത്തിയപ്പോഴാണ് തങ്ങള്‍ ഫീസടച്ചിട്ടില്ല എന്ന് അധികൃതര്‍ വിദ്യാര്‍ഥികളോടു വ്യക്തമാക്കിയത്. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് വിദ്യാര്‍ഥികള്‍ ഒടുക്കിയ തുക പ്രവീണ്‍ സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങി തട്ടിപ്പു നടത്തിയതായി ബോദ്ധ്യപ്പെട്ടത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.