രണ്ടര വയസുകാരനെ മാന്തിയ പൂച്ച ചത്തതു പേവിഷബാധയേറ്റല്ലെന്ന്
1582329
Friday, August 8, 2025 7:24 AM IST
കുറ്റിച്ചൽ : അങ്കണവാടിയിൽ രണ്ടര വയസുകാരനെ മാന്തിയ പൂച്ച ചത്തതു പേവിഷബാധയേറ്റല്ലെന്നു പരിശോധനയിൽ വ്യക്തമായി.
പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററിൽ നടത്തിയ പൂച്ചയുടെ ജഡപരിശോധനാഫലം നെഗറ്റീവാണെന്നു അറിയിച്ചതായി ബ്ലോക്ക് ഐസിഡിഎസ് സിഡിപിഒ ലേഖ പറഞ്ഞു. കുറ്റിച്ചൽ പഞ്ചായത്തിൽ പേഴുംമൂട് വാർഡിലെ കുഴിയംകോണത്ത് വാടകക്കെട്ടിടത്തിലെ 126-ാം നമ്പർ അങ്കണവാടിയിലാണ് പേഴുംമൂട് സൈനബ മൻസിലിൽ മാഹീന്റെയും സൈനബയുടെയും മകൻ രണ്ടര വയസുള്ള ഹൈസിൻ സയാനിനെ പൂച്ച മാന്തിയത്. പിന്നാലെ പൂച്ച ചത്തു.
ഈ വിവരം അങ്കണവാടി അധികൃതർ രഹസ്യമാക്കിവെച്ചതിനെ തുടർന്നു കുഞ്ഞിനു പ്രതിരോധ കുത്തിവെയ്പ് എടുക്കുന്നതു വൈകിയിരുന്നു. പൂച്ച ചത്തതോടെ മറ്റു കുട്ടികളുടെ രക്ഷാകർത്താക്കളും ആശങ്കയിലായിരുന്നു. ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ ഉൾപ്പെടെയുള്ളവർ കുട്ടിയുടെ വീട്ടിലെത്തി രക്ഷാകർത്താക്കളെ പരിശോധനാഫലം അറിയിച്ചു.
സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടി താത്കാലികമായി അടുത്തുള്ള 111-ാം നമ്പർ അങ്കണവാടിയിലേക്ക് മാറ്റാനും തീരുമാനമായി.