അപകടങ്ങൾ തുടർക്കഥയാകുന്നു : നെടുമങ്ങാട് ചന്തമുക്ക് റോഡിലെ ഡ്രെയിനേജ് തകർന്നു
1582326
Friday, August 8, 2025 7:24 AM IST
നെടുമങ്ങാട്: ചന്തമുക്ക് മുതൽ ജില്ലാ ആശുപത്രി വരെയുള്ള റോഡിന് സമീപത്തുള്ള ഡ്രെയിനേജ് പൊട്ടിപ്പൊളിഞ്ഞ തകർന്നിട്ട് വർഷങ്ങളാകുന്നു. നവീകരണം നടക്കാത്തതിനാൽ വഴിയാത്രക്കാരും, വാഹനങ്ങളും അപകടത്തിൽപ്പെടുന്നകു പതിവാണ്. ഈ റോഡ് വീതി കുറവായതിനാൽ കൂടുതൽ സമയവും ഗതാഗതകുരുക്ക് നിത്യ സംഭവമാണ്.
വളരെയധികം ചെറുകിട വ്യാപാരസ്ഥാപനങ്ങൾ ഈ റോഡിനു സമീപത്ത് പ്രവർത്തിക്കുന്നതിനാൽ ഇവിടെയെത്തുന്ന യാത്രക്കാരുടെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ റോഡിനു സമീപം പാർക്കു ചെയ്യുന്നതും ഗതാഗത കുരുക്കിനു കാരണമായിട്ടുണ്ട്. വർഷങ്ങളായി തകർന്നു കിടക്കുന്ന ഡ്രൈയിനേജ് നിർമാണ പ്രവർത്തനങ്ങൾ നടത്തണമെന്ന പ്രദേശവാസികളുടെയും കച്ചവടക്കാരുടെയും ആവശ്യം അംഗീകരിക്കുവാൻ അധികൃതർ തയാറാകാത്തത് യാത്രക്കാരെയും, പ്രദേശവാസികളെയും ദുരിതത്തിൽ ആക്കുന്നു.
നെടുമങ്ങാട് ടൗൺ മുസ്ലിം ജമാഅത്തിനു സമീപത്തുള്ള ഡ്രൈയിനേജ് തകർന്നതു കാരണം ഇവിടെ അപകടങ്ങളിൽനിന്നു രക്ഷ നേടുന്നതിനായി സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് സിഗ്നൽ ഓടയിൽ വീണു കിടന്നിട്ട് മാസങ്ങൾ കഴിഞ്ഞു. ഈ പ്രദേശത്ത് ഓടകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ കെട്ടിനിന്നൃു ദുർഗന്ധം വമിക്കുന്നതു വ്യാപാരികളേയും സമീപവാസികളെയും, ദുരിതത്തിൽ ആക്കിയിട്ടുണ്ട്. ഇതുവഴി പോകുന്നവർ മൂക്കു പൊത്താതെ കടന്നുപോവുക അസാധ്യമാണ്.
വിവിധ രാഷ്ട്രീയകക്ഷികൾ ഓടയുടെ നിർമാണം അടിയന്തിരമായി നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അധികാരികൾക്ക് പരാതി നൽകിയിട്ടും ഏതൊരു നടപടിയും കൈക്കൊള്ളാത്തത് അധികാരികളുടെ ധിക്കാരപരമായ സമീപനമാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം.