കൂട്ടുകാരനു സ്നേഹക്കൂടാരം ഒരുക്കി സെന്റ് ജോൺസ് സ്കൂൾ
1582323
Friday, August 8, 2025 7:09 AM IST
തിരുവനന്തപുരം: കൂട്ടുകാരനു സ്നേഹക്കൂടാരമൊരുക്കി സ്കൂൾ മാതൃകയാകുന്നു. നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളാണ് പ്ലസ് ടു വിഭാഗം രജത ജൂബിലിയുടെ ഭാഗമായി സ്നേഹക്കൂടാരമൊരുക്കിയത്.
എട്ടിലും ഒമ്പതിലും പഠിക്കുന്ന കുട്ടികളുടെ നിർധനരായ വീടും വസ്തുവും ഇല്ലാത്ത കുടുംബത്തിനു സ്കൂളിലെ പൂർവ വിദ്യാർഥി സൗജന്യമായി നൽകിയ വസ്തുവിലാണു ഭവനനിർമാണം പൂർത്തീകരിച്ചത്. വട്ടപ്പാറയ്ക്കടുത്തുള്ള മുളങ്കാട് ആർച്ച് ബിഷപ് മാർ ഗ്രീഗോറിയോസ് നഗറിലാണു സ്നേഹവീട് ഉയർന്നത്.
ഭവനത്തിന്റെ താക്കോൽ കൈമാറ്റം ഇന്നു രാവിലെ ഒന്പതിനു മേജർ അതിരൂപതാ വികാരി ജനറലും എംഎസ്സി സ്കൂൾ കറസ്പോണ്ടന്റുമായ മോൺ. ഡോ. വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്കോപ്പ നിർവഹിക്കും. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ, വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ ആർസി എന്നിവർ പങ്കെടുക്കും.
സെന്റ് ജോൺസ് സോഷ്യൽ സർവീസ് ഫോറം (സാൻജോ) മാണു ഭവന നിർമാണ പദ്ധതിക്കു നേതൃത്വം നൽകിയത്. കൺവീനർ ബിജു കെ ജോർജ്, പ്രിൻസ് രാജ്, ജിനി ജോസ് എന്നിവർ അടങ്ങിയ സാൻജോ നേതൃത്വം പണി പൂർത്തിയാക്കുന്ന രണ്ടാമത്തെ ഭവന പദ്ധതി കൂടിയാണിത്.
സാമൂഹിക പ്രതിബദ്ധതയോടെ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ സാൻജോ -യുടെ നേതൃത്വത്തിൽ ഏറ്റെടുത്തു നടത്തുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ജോസ് ചരുവിൽ പറഞ്ഞു.