കസ്റ്റംസ് ഉദ്യാഗസ്ഥനെ പിരിച്ചുവിട്ടു
1582551
Saturday, August 9, 2025 6:48 AM IST
വലിയതുറ: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തുകൊടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട് ഉത്തരവിറങ്ങി. കസ്റ്റംസ് ഇന്‍സ്പെക്ടറായിരുന്ന കൊച്ചി കലൂര്‍ സ്വദേശി കെ.അനീഷിനെയാണ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട് ഉത്തരവിറങ്ങിയത്.
2023-ല്‍ വിദേശത്തുനിന്നും തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ രണ്ട് യാത്രക്കാരില്‍ നിന്നുമായി 4.5 കിലോയോളം തൂക്കം വരുന്ന സ്വര്‍ണം പിടികൂടിയ സംഭവത്തിലായിരുന്നു നടപടി. യാത്രക്കാരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അനീഷും ഇയാളുടെ മറ്റൊരു സഹപ്രവര്‍ത്തകനായ കസ്റ്റംസ് ഉദ്യാഗസ്ഥനുമാണ് സ്വര്‍ണം വിമാനത്താവളത്തിനു പുറത്തേയ്ക്ക് കടത്താന്‍ സഹായിച്ചതെന്ന് സ്വര്‍ണം കൊണ്ടുവന്ന യാത്രക്കാര്‍ ഡിആര്‍ഐ അധികൃതര്‍ക്ക് മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥനത്തില്‍ നടന്ന അന്വേഷണത്തെത്തുടര്‍ന്ന് അനീഷിനെയും സഹപ്രവര്‍ത്തകനെയും സസ്പെന്റ് ചെയ്തിരുന്നു. അനീഷിനെ ആറുമാസം സസ്പെന്‍ഷനില്‍ നിറുത്തിയ ശേഷം സര്‍വീസില്‍ തിരികെ എടുക്കുകയായിരുന്നു.
കസ്റ്റംസ് മറൈന്‍ വിങ്ങിലായിരുന്നു സസ്പെന്‍ഷനു ശേഷം അനീഷിന് നിയമനം ലഭിച്ചത്. സര്‍വീസില്‍ തുടരവേ ആഭ്യാന്തര അന്വേഷണം കഴിയുകയും അന്വേഷണ റിപ്പേര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അനീഷിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ ഉത്തരവിറക്കുകയായിരുന്നു. അനീഷിന്റെ സഹപ്രവര്‍ത്തകനായ കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെയുളള അന്വേഷണ റിപ്പേര്‍ട്ട് അടുത്ത ആഴ്ച ഇറങ്ങുമെന്നാണ് സൂചന.