യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ടുപേര്‍ അറസ്റ്റില്‍
1582548
Saturday, August 9, 2025 6:48 AM IST
പേരൂര്‍ക്കട: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചശേഷം വഴിയിലുപേക്ഷിച്ച സംഭവത്തില്‍ രണ്ടുപേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു.
കരിമഠം കോളനി സ്വദേശികളായ ബറോട്ട അനസ് എന്നുവിളിക്കുന്ന അനസ് (28), ശ്രീക്കുട്ടന് എന്നുവിളിക്കുന്ന പ്രവീണ്‍ (19) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച പുലര്‍ച്ചെ 12.30നാണ് കേസിന്നാസ്പദമായ സംഭവം. കരിമഠം കോളനിയില്‍ താമസിക്കുന്ന ദില്‍ഷാദിനെയാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. ദില്‍ഷാദിന്റെ ഉറ്റസുഹൃത്തായ ബിച്ചുവും പ്രതികളും തമ്മില്‍ വാക്കുതര്‍ക്കം നിലനില്‍ക്കുകയായിരുന്നു.
സംഭവദിവസം ശ്രീക്കുട്ടന് ദില്‍ഷാദിനെ ഫോണില്‍ വിളിച്ചുവരുത്തുകയും ചാലയിലെ പൂക്കടയ്ക്കു സമീപം നില്ക്കാന് ആവശ്യപ്പെടുകയും ചെയ്തു. കാറിലെത്തിയ പ്രതികള്‍ ദില്‍ഷാദിനെ ഉള്ളിലേക്ക് വലിച്ചുകയറ്റുകയും വാഹനത്തിനുള്ളില്‍ വച്ച് വെട്ടുകത്തിക്കൊണ്ട് കാലിലും കൈകളിലും അടിച്ചുപരിക്കേല്‍പ്പിക്കുകയുമായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന മര്‍ദനത്തിനുശേഷം ദില്‍ഷാദിനെ ശ്രീകണേ്ഠശ്വരം ക്ഷേത്രത്തിനു സമീപം ഇറക്കിവിടുകയായിരുന്നു. പിടിയിലായ അനസ് കാപ്പ കേസിലെ പ്രതിയാണെന്നു പോലീസ് അറിയിച്ചു.
കുറച്ചുനാള്‍ മുമ്പ് ചാലയിലെ അര്‍ഷാദിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലെ രണ്ടാംപ്രതിയാണ് ശ്രീക്കുട്ടന്. പ്രതികളെകോടതി റിമാന്‍ഡ് ചെയ്തു.