നേമം സഹകരണ ബാങ്ക് ഭരണം അഡ്മിനിസ്ട്രേറ്റര്‍ ഏറ്റെടുത്തു
1582535
Saturday, August 9, 2025 6:39 AM IST
നേമം: തട്ടിപ്പ് നടന്ന നേമം സര്‍വീസ് സഹകരണ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. സഹകരണ വകുപ്പിന്റെ ഉത്തരവില്‍ ബാങ്ക് ഭരണ സമിതിക്ക് എതിരേ ഗുരുതരമായ വീഴ്ചകളാണ് കണ്ടെത്തിയിരിക്കുന്നത്.
പാപ്പനംകോട് യൂണിറ്റ് ഇന്‍സ്പെക്ടര്‍ സുജി. എസിനെയാണ് പാര്‍ട്ട് ടൈം അഡ്മിനിസ്ട്രേറ്ററായി നിയോഗിച്ചിട്ടുള്ളത്. ആറ് മാസത്തിനകം തിരെഞ്ഞടുപ്പ് നടത്തി പുതിയ ഭരണസമിതിയെ ഏല്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. സഹകരണ വകുപ്പിന്റെ 65-ാം വകുപ്പ് പ്രകാരം അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കരുതുന്നു.
ബാങ്കിലെ ക്രമക്കേടുകളുടെ അന്വേഷണം നടക്കുമ്പോഴും ഭരണസമിതി വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും എത്രയും പെട്ടെന്ന് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം കഴിഞ്ഞ കുറെ നാളുകളായി നിക്ഷേപ കൂട്ടായ്മ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.
ബാങ്ക് ഭരണ സമിതി മാസങ്ങളായി യോഗം വിളിക്കാറില്ലെന്ന് ഉത്തരവില്‍ പറയുന്നു. സഹകരണ വകുപ്പിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട പരിശോധന സമയങ്ങളില്‍ ഭരണസമിതി അംഗങ്ങളോ പ്രസിഡന്റോ സെക്രട്ടറിയോ ഹാജരായില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും വായ്പ കുടിശിഖ തിരികെ പിടിക്കാന്‍ നിയമ നടപടികള്‍ സ്വീകരിച്ചില്ലെന്നും നിക്ഷേപകര്‍ക്ക് തുക മടക്കി നല്കാന് ഭരണസമിതി ഏതതൊരു നടപടിയും എടുത്തില്ലെന്നും ഉത്തരവില്‍ പറയുന്നു.
അന്വേഷണത്തില്‍ ബാങ്കില്‍ ഭരണസ്തംഭനം ഉണ്ടായതിനാല്‍ ഭരണസമിതിയെ പിരിച്ചുവിടുകയായിരുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. ക്രമവിരുദ്ധമായി നടത്തിയ ഇടപാടുകള്‍ വഴി ബാങ്കിന് 24,30,41,151 രൂപയുടെ നഷ്ടം സംഭവിച്ചതായി ഇടക്കാല റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇനി അന്തിമ റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ നഷ്ടത്തിന്റെ യഥാര്‍ത്ഥ കണക്ക് അറിയാന്‍ കഴിയൂ.