നെയ്യാറ്റിന്‍കര ആശുപത്രി; കുടിവെള്ളത്തിന്റെ പരിശോധനാഫലം ഇന്ന്
1582536
Saturday, August 9, 2025 6:39 AM IST
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന് തിയറ്ററിലേക്കുള്ള ജലസംഭരണിയിലെ കുടിവെള്ള സാന്പിള്‍ പരിശോധനാഫലം ഇന്ന് ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. കുടിവെള്ളം ഉപയോഗയോഗ്യമെന്ന് തെളിഞ്ഞാല്‍ 11 ന് ഓപറേഷൻ തിയറ്റര്‍ തുറക്കും.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തിയറ്ററിലെ ജലസംഭരണിയിലെ കുടിവെള്ളത്തിൽ കോളിഫോം ബാക്ടരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇക്കഴിഞ്ഞ അഞ്ചിനാണ് തിയറ്റര്‍ അടച്ചത്. നേരത്തെ നിശ്ചയിച്ചിരുന്ന വിവിധ ശസ്ത്രക്രിയകളും താത്കാലികമായി മാറ്റി വച്ചു.
ആശുപത്രിയില്‍ 70 ജലസംഭരണികളാണുള്ളത്. കാളിപ്പാറ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായ വെള്ളമാണ് ജനറല്‍ ആശുപത്രിയിലേയ്ക്ക് നല്‍കുന്നത്. കഴിഞ്ഞ ദിവസം പരിശോധന നടത്തിയപ്പോള്‍ കുടിവെള്ളത്തില്‍ കോളിഫോം ബാക്ടരിയയുടെ സാന്നിധ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സംഭരണി പൂര്‍ണ്ണമായും ജലരഹിതമാക്കുകയും ശുദ്ധമാക്കുകയും ചെയ്തിരുന്നു.