നെയ്യാര്‍ മേള 2025: മുന്നൊരുക്കങ്ങളായി
1582330
Friday, August 8, 2025 7:24 AM IST
നെയ്യാറ്റിന്‍കര: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന നെയ്യാർ മേളയുടെ മുന്നൊരുക്കങ്ങള്‍ തുടങ്ങി.
ആറാലുംമൂട് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ 29 മുതല്‍ സെപ്തംബര്‍ 14 വരെയാണ് മേള അരങ്ങേറുന്നത്. ഓണാഘോഷവും വ്യാപാരമേളയും സാംസ്കാരികോത്സവവും കൂടി ഉള്‍പ്പെട്ട മേളയുടെ പത്താമത് എഡിഷനാണ് ഇക്കുറി നടക്കുന്നതെന്നു സംഘാടകര്‍ അറിയിച്ചു. ആറാലുംമൂട് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ ജെസിബി ഉപയോഗിച്ച് മേളയ്ക്കു വേണ്ടിയുള്ള നിലം ഒരുക്കല്‍ ആരംഭിച്ചു.
മേളയുടെ ഭാഗമായ ലക്കി കൂപ്പണ്‍ വിതരണോദ്ഘാടനം 11ന് നടക്കും. വൈകുന്നേരം നാലിനു നെയ്യാറ്റിന്‍കര അക്ഷയ ഷോപ്പിംഗ് കോംപ്ലക്സില്‍ കെ. ആന്‍സലന്‍ എംഎല്‍എ കൂപ്പണ്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും.
നിംസ് മെഡിസിറ്റി എംഡി ഡോ. എം.എസ്. ഫൈസല്ഖാന് ആദ്യ കൂപ്പണ്‍ സ്വീകരിക്കും. സ്വാഗതസംഘം കമ്മിറ്റിക്കു പുറമേ രൂപീകരിച്ചിട്ടുള്ള 21 സബ് കമ്മിറ്റികളും മേളയുടെ ഒരുക്കങ്ങളുടെ തിരക്കിലാണ്.