സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്ന് തീപടർന്ന് കാറ്ററിംഗ് സെന്റർ ഉടമ മരിച്ചു
1582361
Friday, August 8, 2025 10:36 PM IST
നെടുമങ്ങാട് : സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്ന് തീ പിടിച്ച് കാറ്ററിംഗ് സെന്റർ ഉടമയ്ക്ക് ദാരുണാന്ത്യം.കരുപ്പൂര് മാണിക്യപുരം ജംഗ്ഷനിൽ ആർഷ ഫാസ്റ്റ് ഫുഡ് സെന്റർ നടത്തുന്ന പരുത്തിക്കുഴി നല്ലിക്കുഴി റോഡരികത്ത് വീട്ടിൽ എസ്. വിജയൻ (65) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് അപകടം.ഗ്യാസ് ചോർന്നു തീപിടിച്ചതോടെ കടയുടെ ഷട്ടർ വീണ് വിജയൻ കടമുറിയിൽ കുടുങ്ങുകയായിരുന്നു.നാട്ടുകാർ അറിയിച്ചതനുസരിച്ച് ഉടൻ പോലീസും പിന്നാലെ ഫയർഫോഴ്സും എത്തി ഷട്ടർ നീക്കം ചെയ്ത് തീ അണച്ച് പുറത്തെടുത്തപ്പോഴേക്കും വിജയൻ മരിച്ചു. ഭാര്യ ഗിരിജയും ചെറുമകനും കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയായിരുന്നു ദുരന്തം.
രണ്ട് ദിവസം മുന്പ് ഗ്യാസ് സിലിണ്ടറിൽ ചോർച്ച ഉണ്ടായിരുന്ന വിവരം ഏജൻസിയെ അറിയിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഗ്യാസ് നിറച്ച ഒരു സിലിണ്ടറും ഒഴിഞ്ഞ നാല് സിലിണ്ടറുകളും കടയിൽ ഉണ്ടായിരുന്നു. ഇവ ഫയർഫോഴ്സ് പുറത്തേക്ക് മാറ്റി. മൃതദേഹം ഇൻക്വസ്റ്റിനുശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ.
പോസ്റ്റുമോർട്ടം കഴിഞ്ഞ് ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. വലിയമല പോലീസ് കേസെടുത്തു. മക്കൾ: വിഷ്ണു (വെൽഡിംഗ്), അഞ്ജു (വട്ടപ്പാറ ദന്തൽ കോളജ്). മരുമക്കൾ : അഞ്ജു, ബൈജു.