ബേക്കറി ജംഗ്ഷൻ അണ്ടർ പാസിൽ മാലിന്യം തള്ളുന്നതു പതിവാകുന്നു
1582331
Friday, August 8, 2025 7:24 AM IST
പേരൂർക്കട: ബേക്കറി ജംഗ്ഷൻ അണ്ടർ പാസിൽ മാലിന്യക്കൂമ്പാരംമൂലം പൊതുജനങ്ങളും വാഹനയാത്രികരും ദുരിതത്തിൽ. കഴിഞ്ഞ ഒരു മാസമായി റോഡിനോടു ചേർന്ന ഭാഗത്തു മാലിന്യ നിക്ഷേപം രൂക്ഷമായിരുന്നു. ഹരിത കർമ സേന ചാക്കുകെട്ടിലാക്കി വച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു സമീപമാണ് ആഹാര അവശിഷ്ടങ്ങളും മറ്റും നിക്ഷേപിച്ചിരിക്കുന്നത്. കാരി ബാഗുകളിലും പ്ലാസ്റ്റിക് ചാക്കുകളിലും വരെ മാലിന്യം കൊണ്ടിടുന്നത് പതിവായിട്ടുണ്ട്.
റോഡിനു സമാന്തരമായി ഫ്ലൈ ഓവർ കടന്നുപോകുന്നതിനാൽ അധികം ആൾക്കാർ ശ്രദ്ധിക്കില്ല എന്ന ധാരണയിലാണ് രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തിയശേഷം മാലിന്യം നിക്ഷേപിച്ചു കടന്നു കളയുന്നത്. ഇവ ഫുട്പാത്തിൽനിന്നു റോഡിലേക്കു വീണു കിടക്കുന്ന സന്ദർഭങ്ങളുമുണ്ട്. കാക്കകളും മറ്റു പക്ഷികളും മാലിന്യത്തിൽനിന്ന് ആഹാരം തേടാൻ എത്തുകയും ഇവ കൊത്തിവലിച്ചു കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്.
തെരുവുനായ്ക്കളും ആഹാരം അന്വേഷിച്ച് ഈ ഭാഗത്ത് എത്തുന്നത് വഴിയാത്രികർക്ക് ഭീഷണി സൃഷ്ടിക്കുന്നു. നഗരസഭ തൊഴിലാളികൾ ദിനംപ്രതി മാലിന്യങ്ങൾ നീക്കം ചെയ്യുന്നതു കൊണ്ടാണു മാലിന്യനിക്ഷേപം അധികരിക്കാത്തത്. രാത്രികാലങ്ങളിലെ മാലിന്യനിക്ഷേപം ഒഴിവാക്കുന്നതിന് അടിയന്തരമായി സിസിടിവി കാമറകൾ ഇതിന് അടുത്ത് തന്നെ സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.