ഗുരുനാഥന് സ്നേഹാദരങ്ങളൊരുക്കി നെയ്യാറ്റിന്‍കരയില്‍ ഇന്ന് `രചനാവസന്തം’
1582552
Saturday, August 9, 2025 6:48 AM IST
നെയ്യാറ്റിന്‍കര : കന്യാകുമാരി മുതൽ കാസർഗോഡ് വരെയുള്ള പൊതുവിദ്യാലയങ്ങളിലും കലാലയങ്ങളിലും ഭാഷാധ്യാപകരായി സേവനം അനുഷ്ഠിക്കുന്നവരുള്പ്പെടെ നൂറു കണക്കിന് ശിഷ്യര്‍ പ്രിയപ്പെട്ട ഗുരുനാഥന് സ്നേഹാദരം അര്‍പ്പിക്കുന്ന `രചനാവസന്തം` ഇന്ന്.
മാതൃഭാഷയെ സ്നേഹിച്ചും കൂടുതല്‍ അറിഞ്ഞും അറിയിച്ചും അറിവുകള്‍ പങ്കുവച്ചും ജീവിതയാത്ര തുടരുന്ന നെയ്യാറ്റിന്‍കര രചന ഭാഷാപഠന കേന്ദ്രം ഡയറക്ടര്‍ എന്‍. വേലപ്പന്‍നായരെയാണ് പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നത്. കവികളും കഥാകൃത്തുക്കളും പ്രഭാഷകരും ചിത്രകാരികളും സംഗീതജ്ഞരും കലാപ്രവർത്തകരും അഭിനേതാക്കളും മാധ്യമപ്രവർത്തകരും അടക്കം സാംസ്കാരിക രംഗത്തെ വലിയൊരു നിര വേലപ്പന്‍നായരുടെ ശിഷ്യഗണങ്ങളില്‍പ്പെടുന്നു.
വൈജ്ഞാനിക രംഗത്ത് ഗവേഷണപ്രബന്ധങ്ങൾ സമർപ്പിച്ച് പിഎച്ച്ഡി നേടിയ നാല്‍പ്പതിലേറെ പൂർവവിദ്യാർഥികള്‍ രചനയുടെ യശസ് വര്‍ധിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്. 150 ലേറെ മികച്ച ഗ്രന്ഥങ്ങൾ രചനയുടെ പൂര്‍വവിദ്യാർഥികൾ കൈരളിക്ക് സംഭാവന ചെയ്തിട്ടുണ്ട്. സമൂഹത്തിലെ വിവിധ സേവന മേഖലകളിൽ പ്രവർത്തിക്കുന്നവരും പഠനകാലത്ത് റാങ്കു ജേതാക്കളായവരും ഉൾപ്പെടെ ആയിരക്കണക്കിനാളുകള്‍ക്കാണ് വേലപ്പന്‍നായരും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള രചന ഭാഷാ പഠന കേന്ദ്രവും ജീവിതവെളിച്ചം സമ്മാനിച്ചിട്ടുള്ളത്.
നെയ്യാറ്റിന്‍കര എസ്എന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പതിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രഫ. വി. മധുസൂദനന്‍നായര്‍, ബെന്യാമിന് എന്നിവര്‍ മുഖ്യാതിഥികളാകും. ഡോ. എ.എം. ഉണ്ണികൃഷ്ണന് അധ്യക്ഷനാകും. 11.30 ന് ഹൃദയതാളം, 12.30 ന് ചിത്രണം, ഉച്ചയ്ക്ക് രണ്ടിന് സ്പര്‍ശം എന്ന ശീര്‍ഷകത്തില്‍ രചനയിലെ അധ്യാപകരുടെ സംഗമത്തില്‍ ഐ.ബി. സതീഷ് എംഎല്‍എ, സാക്ഷരതാ മിഷന് ഡയറക്ടര്‍ പ്രഫ. എ.ജി. ഒലീന, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷിബു പ്രേംലാല്‍, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. പ്രശാന്ത് എന്നിവര്‍ മുഖ്യാതിഥികളാകും.
വൈകുന്നേരം 3.30 ന് രംഗവേദിയില്‍ ലഘുനാടകങ്ങള്‍, ഓട്ടന്തുള്ളല്, കാവ്യഗീതിക എന്നിവ അരങ്ങേറും. 4.30 ന് നടക്കുന്ന സ്നേഹാദര സദസ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എംഎല്‍എ മാരായ കെ. ആന്‍സലന്‍, സി.കെ. ഹരീന്ദ്രന്‍, എം. വിന്‍സെന്റ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ യറക്ടര്‍ പ്രഫ. വി. കാര്‍ത്തികേയന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തും.
പുസ്തക പ്രകാശനം, ചിത്രപ്രദര്‍ശനം, പുസ്തക പ്രദര്‍ശനം, അധ്യാപകര്‍ക്കും സാംസ്കാരിക പ്രതിഭകള്‍ക്കും ആദരം, രുചിയിടം, പുരാവസ്തു പ്രദര്‍ശനം, പ്രബന്ധങ്ങളുടെ പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.