ഇടതുമുന്നണിയിലും സർക്കാരിലും പാർട്ടി നോക്കുകുത്തി
1582534
Saturday, August 9, 2025 6:39 AM IST
സിപിഐ ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം
തിരുവനന്തപുരം : സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിനെതിരേയും പാർട്ടി മന്ത്രിമാർക്കെതിരേയും രൂക്ഷ വിമർശനം. ഇടതുമുന്നണിയിലും സർക്കാരിന്റെ ദൈനംദിന പ്രവർത്തനത്തിലും സിപിഐ അന്പേ പരാജയമെന്നു പ്രതിനിധികൾ.
നേരത്തേ ഇടതുമുന്നണിയിൽ തിരുത്തൽശക്തിയായിരുന്ന സിപിഐ ഇപ്പോൾ എവിടെയാണെന്നാണു ബ്രാഞ്ചു തലം മുതൽ സാധാരണ പ്രവർത്തകർ ചോദിക്കുന്നത്. ഓണക്കാലത്തു പോലും വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിനു കഴിയുന്നില്ല.
എണ്ണ വില ദിനംപ്രതി കുതിച്ചുയരുന്പോൾ മന്ത്രി ജി.ആർ.അനിൽ സിപിഎം മന്ത്രി കെ.എൻ.ബാലഗോപാലിന്റെ കാരുണ്യം കാത്തു തെക്കുവടക്കു ഓടി നടക്കുകയാണെന്നും സിപിഐയ്ക്കു ഒരു കാലത്തും ഇങ്ങനെയൊരു ഗതികേട് ഉണ്ടായിട്ടില്ലെന്നും പ്രതിനിധികൾ വിമർശിച്ചു. പ്രവർത്തന റിപ്പോർട്ടിൽ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പാർട്ടി നേതൃത്വത്തേയും പാർട്ടി മന്ത്രിമാരേയും പൊതുവേ ന്യായീകരിച്ചതിനെതിരേയും വലിയ വിമർശനം ഉണ്ടായി.
പാർട്ടി സെക്രട്ടറിയുടെ റിപ്പോർട്ട് കേട്ടാൽ ഇതൊരു കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സമ്മേളന റിപ്പോർട്ടായി തോന്നുകയില്ലെന്നും പ്രതിനിധികൾ വിമർശിച്ചു. രണ്ടാം ഇടതുപക്ഷ സർക്കാർ വലിയ പരാജയമാണെന്നു പറയാൻ കഴിയില്ല. എന്നാൽ അങ്ങനെ വരുത്തിതീർക്കാനുള്ള ശ്രമം സിപിഎമ്മിന്റെ ഭാഗത്തു നിന്നു തന്നെ ഉണ്ടാകുന്നു. ഭക്ഷ്യസിവിൽ-സപ്ലൈയ്സ് വകുപ്പിനെതിരേ സാധാരണ ജനങ്ങൾക്കിടയിൽ വലിയ പരാതിയാണ്.
ആഘോഷ വേളകളിൽ പോലും ജനങ്ങൾക്കു വിലകുറച്ചു അവശ്യസാധനങ്ങൾ ലഭിക്കുന്നില്ല. പണം വകുപ്പിനു നൽകേണ്ടതു സിപിഎം മന്ത്രിയാണ്. എന്നാൽ അദ്ദേഹം ഇങ്ങനെയൊരു വകുപ്പു താൻ കൂടി പ്രതിനിധീകരിക്കുന്ന മന്ത്രിസഭയിൽ ഉണ്ടോയെന്നു പോലും ചിന്തിക്കുന്നില്ല. വർഷം ഒന്നാകുന്പോൾ 100 കോടി ഭക്ഷ്യവകുപ്പിന് അനുവദിച്ചെന്നു പത്രത്തിലൂടെ അറിയാൻ കഴിയുന്നുണ്ട്. പക്ഷേ സപ്ലൈകോയിൽ ഒരു സാധനവും ജനത്തിനു ലഭിക്കുന്നില്ല.
സിപിഎം മന്ത്രിയുടെ കെടുകാര്യസ്തത മൂലം പഴി കേൾക്കുന്നതു സിപിഐയും പാർട്ടി മന്ത്രിയുമാണ്. കാനം രാജേന്ദ്രൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ ഇങ്ങനെയൊരു ഗതികേട് സിപിഐയ്ക്ക് ഉണ്ടായിട്ടില്ല. കാനം മാറി ബിനോയ് വിശ്വം വന്നപ്പോൾ അങ്ങനെ ഉണ്ടായി എന്നല്ല.
പക്ഷേ സിപിഐ നേതൃത്വം സർക്കാരിന്റെ പ്രവർത്തനത്തിൽ കൂടുതൽ ഗൗരവത്തോടെ ഇടപെടണമെന്നും തിരുത്തൽശക്തിയായി കൂടുതൽ ആർജവത്തോടെ പ്രവർത്തിക്കണമെന്നുമാണു സാധാരണ പാർട്ടി പ്രവർത്തകരും ജനങ്ങളും ആഗ്രഹിക്കുന്നതെന്നും ഇന്നലെ ചേർന്ന പ്രതിനിധി സമ്മേളനത്തിൽ പ്രതിനിധികൾ പറഞ്ഞു.
ഇന്നലെ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ ജില്ലയിലെ പാർട്ടിയിലെ പോരായ്മകളെ സംബന്ധിച്ചു വലുതായൊന്നും സൂചിപ്പിച്ചില്ല.
പൊതുവെ സിപിഐ സംസ്ഥാന നേതൃത്വത്തേയും നേതാക്കളെയും വിമർശിക്കാതെ പൊതുപരിപാടികളിൽ ഉണ്ടായ കുറവുകളെ സംബന്ധിച്ചു മാത്രമാണു വിമർശനമായി ഉന്നയിച്ചത്. ഇന്നും പ്രതിനിധി സമ്മേളനം ചേരും. പുതിയ പാർട്ടി സെക്രട്ടറിയേയും ജില്ലാ കൗണ്സിലിനേയും ഇന്നു തെരഞ്ഞെടുക്കും.