അതുൽ കൃഷ്ണയ്ക്ക് കുട്ടികർഷക പുരസ്കാരം
1585131
Wednesday, August 20, 2025 5:27 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിലെ കുട്ടിക്കർഷകർക്കായി കൃഷിഭവൻ ഏർപ്പെടുത്തിയ പുരസ്കാരം പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി സി.അതുൽ കൃഷ്ണയ്ക്ക്.
ഓണത്തിന് വിളവെടുപ്പിനായി ഒരുങ്ങുന്ന ചെണ്ടുമല്ലി തോട്ടമാണ് അതുലിന്റെ കൃഷിയിലെ ഹൈലൈറ്റ്. ആയിരത്തോളം ചെണ്ടുമല്ലി തൈകൾ ഓണവിപണി ലക്ഷ്യമിട്ട് അതുൽ വളർത്തുന്നു. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് സൂര്യകാന്തി കൃഷി ചെയ്തായിരുന്നു അതുലിന്റെ കൃഷിയിലേക്കുള്ള അരങ്ങേറ്റം. വെണ്ട, വഴുതന, പച്ചമുളക്, കൂർക്ക, ചേന, കപ്പ, വാഴ, മഞ്ഞൾ തുടങ്ങിയ വിളകൾ ജൈവരീതിയിൽ കൃഷി ചെയ്യുന്നുണ്ട് ഈ മിടുക്കൻ.
അങ്ങാടിപ്പുറം കൃഷി ഓഫീസർ ഡാസൽ സേവ്യറിന്റെ നേതൃത്വത്തിൽ മികച്ച പിന്തുണയും ലഭിക്കുന്നു. അങ്ങാടിപ്പുറം എം.പി.നാരായണമേനോൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മഞ്ഞളാംകുഴി അലി എംഎൽഎ ഉപഹാരം നൽകി.
തിരൂർക്കാട് സ്വദേശികളും യോഗ പരിശീലകരുമായ ചെന്ത്രത്തിൽ സുനിൽകുമാറിന്റെയും ദീപശ്രീയുടെയും മകനാണ് അതുൽ. ബിടെക് വിദ്യാർഥിനിയായ അഞ്ജന സഹോദരിയാണ്.