ഇടതു സർക്കാരിൽ നിന്ന് കേരള ജനത മോചനം തേടുന്നു: നജീബ് കാന്തപുരം
1585729
Friday, August 22, 2025 6:02 AM IST
പെരിന്തൽമണ്ണ: ജന ജീവിതത്തിനു മേൽ ഇത്രമാത്രം ദുരിതം വിതച്ച ഒരു സർക്കാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും ഈ സർക്കാറിന്റെ പതനം ഓരോ മലയാളിയും ആഗ്രഹിക്കുകയാണെന്നും നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു.
പെരിന്തൽമണ്ണ നിയോജകമണ്ഡലം യുഡിഎഫ് നേതൃ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യോപയോഗ സാധനങ്ങളുടെ വില വാണം പോലെ കുതിച്ചുയരുന്നു. വിലക്കയറ്റം തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
ഏറ്റവും കൂടുതൽ വൈദ്യുതി ചാർജും വെള്ളക്കരവും നൽകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്താണ്. കെട്ടിട നിർമാണ മേഖല സ്തംഭിച്ചു നിൽക്കുന്നു. ജനക്ഷേമ പദ്ധതികൾ മുടങ്ങിക്കിടക്കുന്നു. കേരളത്തിൽ യാതൊരു പണിയുമില്ലാത്തവരായി മന്ത്രിമാർ മാറിയിരിക്കുന്നു.
ഈ ദുരവസ്ഥയിൽ നിന്ന് കേരള ജനത മോചനം തേടുകയാണെന്നും വരാനിരിക്കുന്ന പഞ്ചായത്ത് നിയമസഭാ, തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയെ മൂലക്കിരുത്താൻ ജനം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ എം.എം. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ മുഖ്യപ്രഭാഷണം നടത്തി. വി. ബാബുരാജ്, എ.കെ. നാസർ മാസ്റ്റർ, അഡ്വ. എ.കെ. മുസ്തഫ, സി. സുകുമാരൻ, ജോർജ്, ശശിധരൻ മണലായ, ബി. മുസമ്മിൽ ഖാൻ, നാലകത്ത് ഷൗക്കത്ത് സംസാരിച്ചു.