വിസിബി കം ബ്രിഡ്ജും അപ്റോച്ച് റോഡ് നിർമാണവും പാതിവഴിയിൽ
1585727
Friday, August 22, 2025 6:02 AM IST
പരാതി അന്വേഷിക്കാൻ ജഡ്ജി നേരിട്ടെത്തി
കാളികാവ്: കാളികാവ്-ചോക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വെന്തോടൻപടി മുത്തംതണ്ട് വിസിബി കം ബ്രിഡ്ജും അപ്റോച്ച് റോഡ് നിർമാണവും വൈകുന്നതിൽ ഹൈക്കോടതിയുടെ ഇടപെടൽ.
ഫീൽഡ് തല അന്വേഷണത്തിനായി ജഡ്ജി നേരിട്ട് സ്ഥലം സന്ദർശിച്ചു. ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ ഷാബിർ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാലം സന്ദർശിച്ചത്.
വെന്തോടൻപടി മുത്തംതണ്ട് വിസിബി കം ബ്രിഡ്ജും അപ്പ്രോച്ച് റോഡും വൈകുന്നത് സംബന്ധിച്ച് ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ ഭാഗമായിട്ടാണ് ഫീൽഡ് തല അന്വേഷണത്തിനായി ജഡ്ജി നേരിട്ട് വന്നത്. 2025 ജനുവരി മാസത്തിലും ജഡ്ജി സ്ഥലം സന്ദർശിച്ചിരുന്നു. അന്ന് 2025 ജൂൺ മാസത്തിൽ വിസിബി കം ബ്രിഡ്ജ് പണി തീർക്കുമെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നത്.
തുടർന്ന് നിലമ്പൂർ കോടതിയിലെ അദാലത്തിൽ സിൽക്ക് കമ്പനി അഭിഭാഷക യുദ്ധകാല അടിസ്ഥാനത്തിൽ അപ്റേച്ച് റോഡ് 2025 സെപ്റ്റംബറിൽ തന്നെ തീർക്കുമെന്നും അറിയിച്ചു. എന്നാൽ ഓഗസ്റ്റ് അവസാനമായിട്ടും പാലം പണി തന്നെ പൂർത്തീകരിച്ചിട്ടില്ല.
പ്രദേശത്തുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അനന്തമായി നീളുന്നതിനെതിരേ പ്രദേശത്തെ പൊതുപ്രവർത്തകനായ യുവാവ് അജ്മൽഷാ പാലേങ്ങര വീണ്ടും കേരള ലീഗൽ സർവീസ് അതോറിട്ടിയെ സമീപിച്ചു. തുടർന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ ഷാബിർ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാലം സന്ദർശിച്ചത് .
പ്രദേശത്തുകാരോടും പാലം കരാർ ഏറ്റെടുത്ത കമ്പനി പ്രതിനിധിയോടും, കോൺട്രാക്ടറോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഉടൻ പണി തീർക്കാമെന്ന് സിൽക്ക് എഞ്ചിനീയർ, കോൺട്രാക്ടർ എന്നിവർ ജഡ്ജിയോട് പറഞ്ഞു. പണി അടിയന്തരമായി പൂർത്തീകരിച്ചില്ലെങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ വിജ്ഞാപനത്തിലും മറ്റ് നിയമക്കുരുക്കുകളിലും പെട്ട് പണി തടസ്സപ്പെടാൻ ഇടയാകുമെന്ന മുന്നറിയിപ്പും ജഡ്ജി ബന്ധപ്പെട്ടവരോട് പറഞ്ഞു.
നാല് മാസത്തിനുള്ളിൽ പണി തീർക്കുമെന്ന് കരാറുകാർ അറിയിച്ചതായും ഇത് റിപ്പോർട്ടാക്കി കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബിയുടെ വൈദ്യുതി തൂണുകളാണ് നിലവിലെ തടസ്സം എന്നാണ് കമ്പനിയുടെ ഭാഷ്യം. എന്നാൽ ഇത് ആളുകളെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രം എന്നാണ് നാട്ടുകാരുടെ വാദം.
കഴിഞ്ഞ ഒന്നരമാസമായി മഴയുടെ പേര് പറഞ്ഞ് കരയിലുള്ള പണി നിർത്തിവച്ചിരിക്കുകയാണ്. മാത്രമല്ല മാളിയേക്കൽ ഭാഗത്തെ അപ്റോച്ച് റോഡിന്റെ പണിയും എങ്ങും എത്തിയിട്ടില്ല. ഇനിയും പണി വൈകിപ്പിച്ചാൽ വീണ്ടും കോടതിയെ സമീപിക്കാനും മറ്റു പ്രതിഷേധങ്ങൾക്ക് തുടക്കം കുറിക്കാനുമാണ് നാട്ടുകാരുടെ തീരുമാനിച്ചിരിക്കുന്നത്.