‘നിലന്പൂർ ജില്ലാ ആശുപത്രി വികസനത്തിന് കോണ്‍ഗ്രസ് തടസം നിൽക്കുന്നു’
1585156
Wednesday, August 20, 2025 6:03 AM IST
നിലന്പൂർ: നിലന്പൂർ ജില്ലാ ആശുപത്രി വികസനത്തിന് കോണ്‍ഗ്രസ് തടസം നിൽക്കുന്നതായി നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം ആരോപിച്ചു. കോണ്‍ഗ്രസിന്റെ ആശുപത്രി വികസന നിലപാടിൽ പ്രതിഷേധിച്ച് നാളെ ജില്ലാ ആശുപത്രിക്ക് മുന്നിൽ എൽഡിഎഫ് കൗണ്‍സിലർമാർ രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ പ്രതിഷേധ ധർണ സംഘടിപ്പിക്കും.
ഗൂഢല്ലൂർ മുതൽ ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന നിലന്പൂർ ജില്ലാ ആശുപത്രിയുടെ വികസനമാണ് കോണ്‍ഗ്രസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത്. നിലവിലെ എംഎൽഎയുടെ നേതൃത്വത്തിൽ ആരംഭിക്കാൻ പോകുന്ന സ്വകാര്യ ആശുപത്രിയെ സഹായിക്കാനാണ് കോണ്‍ഗ്രസ് ജില്ലാ ആശുപത്രി വികസനത്തിന് തടസം നിൽക്കുന്നതെന്ന് ചെയർമാൻ ആരോപിച്ചു. യുഡിഎഫിൽ കോണ്‍ഗ്രസ് മാത്രമാണ് സ്കൂളിന്റെ സ്ഥലം ഏറ്റെടുക്കുന്നതിന് എതിര് നിൽക്കുന്നത്.
സ്കൂളിന്റെ സ്ഥലം ഏറ്റെടുക്കുന്പോൾ അത് കുട്ടികളെ ബാധിക്കാതിരിക്കാൻ നാല് കോടി രൂപയുടെ കെട്ടിടം മുൻ എംഎൽഎ ഫണ്ടിൽ ഉൾപ്പടുത്തിയിട്ടുണ്ട്. കൂടാതെ ഇവിടെ പഠിക്കുന്ന കുട്ടികളിൽ നൂറിൽ താഴെ കുട്ടികൾ മാത്രമാണ് കെഎൻജി റോഡിന്റെ മറുഭാഗത്തുള്ളത്. ഇവർക്ക് വരാൻ സ്കൂൾ ബസും ലഭ്യമാക്കും.
ഈ സാഹചര്യത്തിൽ കോണ്‍ഗ്രസിന്റെ ആശുപത്രി വികസന വിരുദ്ധ നിലപാടിനെതിരേ ജനങ്ങളുടെ പിന്തുണയോടെ സമരം ശക്തമാക്കുമെന്നും ചെയർമാൻ പറഞ്ഞു.വൈസ് ചെയർപേഴ്സണ്‍ അരുമ ജയകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ കക്കാടൻ റഹീം, പി.എം. ബഷീർ എന്നിവരും സംസാരിച്ചു.