ബസ് ജീവനക്കാരും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ സംഘർഷം : കേസെടുത്തു
1585303
Thursday, August 21, 2025 5:29 AM IST
മഞ്ചേരി: വായ്പ്പാറപ്പടിയിൽ സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു. ബസ് ഡ്രൈവറുടെ പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവറടക്കം കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയും ഓട്ടോറിക്ഷ ഡ്രൈവറുടെ പരാതിയിൽ ബസ് ജീവനക്കാർക്കെതിരെയുമാണ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനാണ് പരാതിക്കിടയായ സംഭവം.
പരപ്പനങ്ങാടിയിൽ നിന്ന് മഞ്ചേരിയിലേക്ക് വരികയായിരുന്ന ഐഫ ബസിലെ ഡ്രൈവർ പുൽപ്പറ്റ കളത്തുംപടി സ്വദേശി പാലക്കോട്ടിൽ സുധീഷ് (38), കണ്ടക്ടറായ സഫ് വാൻ എന്നിവരെ മർദിച്ചെന്നാണ് ഡ്രൈവറുടെ പരാതി. വായ്പ്പാറപ്പടിയിൽ നിന്ന് തെറ്റായ വശത്തൂടെ കയറി വന്ന ഓട്ടോറിക്ഷക്കാരനുമായുള്ള തർക്കത്തെ തുടർന്നാണ് സംഘർഷം ഉണ്ടായതെന്ന് പോലീസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു.
സുധീഷിനെയും സഫ് വാനെയും തടഞ്ഞുനിർത്തി അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് കേസ്. ഇവർ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വായപ്പാറപ്പടി സ്വദേശി ഓട്ടോ ഡ്രൈവറായ ഇസ്മായിലിനെ (58) ഓട്ടോറിക്ഷ തടഞ്ഞുനിർത്തി ബസ് ജീവനക്കാർ മർദിച്ചെന്നാണ് മറ്റൊരു കേസ്.