ഓണം: പെരിന്തൽമണ്ണയിൽ കാർഷിക വാണിജ്യ വിപണന മേള 25 മുതൽ
1585153
Wednesday, August 20, 2025 5:57 AM IST
പെരിന്തൽമണ്ണ: "ഓർമിക്കാൻ ഒരു ഓണം’ എന്ന പേരിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്, കൃഷി വകുപ്പ് (ആത്മ) അഗ്രോ സർവീസ് സെന്റർ, വിവിധ വകുപ്പുകൾ എന്നിവ സംയുക്തമായി 25, 26, 27 തിയതികളിൽ കാർഷിക വാണിജ്യ വിപണന മേള സംഘടിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ ഒരുക്കുന്ന വിപണന മേളയിൽ ജൈവ പച്ചക്കറികൾ, വിവിധ ഉത്പന്നങ്ങൾ, ഫുഡ് കോർട്ട്, യന്ത്രോപകരണങ്ങളുടെ പ്രദർശനം എന്നിവ ഉണ്ടായിരക്കും.
മൂന്നു ദിനങ്ങളിലും വൈകുന്നേരം കലാപരിപാടികൾ അരങ്ങേറും. 25 ന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ജനപ്രതിനിധികൾ, വകുപ്പ് മേധാവികൾ, കർഷക പ്രതിനിധികൾ പങ്കെടുക്കും. ബ്ലോക്ക്തലത്തിൽ നിന്ന് ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കർഷകരെയും അഗ്രോ സർവീസ് സെന്റർ ജീവനക്കാരെയും ചടങ്ങിൽ ആദരിക്കും. ഇവർക്കായി ഓണസദ്യ ഒരുക്കും. പഞ്ചായത്തുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കർഷകരെ ഉൾപ്പെടുത്തി നെൽകൃഷിയെ അടിസ്ഥാനമാക്കിയുള്ള സെമിനാർ 25 ന് ഉച്ചക്ക് ശേഷം നടക്കും. കാർഷിക സർവകലാശാലയിലെ പ്രഗത്ഭർ സെമിനാറിൽ സംസാരിക്കും.
26ന് പട്ടികജാതി കർഷകർക്കും കർഷകത്തൊഴിലാളികൾക്കുമായി കൃഷി വിജ്ഞാന സദസ് സംഘടിപ്പിക്കും. അത്തം ദിനത്തിൽ അത്തപ്പൂക്കളമൊരുക്കും. പരിപാടികളുടെ ആലോചനാ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ.മുസ്തഫ, വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത്, വികസനകാര്യ സ്ഥിരസമിതി അധ്യക്ഷൻ പി.കെ. അയമു, ഭരണ സമിതി അംഗങ്ങൾ,
കൃഷി ഓഫീസർമാർ, അഗ്രോ സർവീസ് സെന്റർ പ്രസിഡന്റ് ഫൈസൽ, വ്യവസായ ഓഫീസർ ജുബൈരിയ, ഡയറി എക്സ്റ്റഷൻ ഓഫീസർ ധന്യ, അസിസ്റ്റന്റ് കൃഷി ഡയറക്ടർ റിയ ജോസഫ്, ആലിപ്പറന്പ് കൃഷി ഓഫീസർ റെജീന എന്നിവർ പ്രസംഗിച്ചു.