പ്രകൃതി വിഭവങ്ങൾ കൊണ്ട് അലങ്കാരപ്പൂക്കളുമായി ഷാഹിന
1585132
Wednesday, August 20, 2025 5:27 AM IST
മലപ്പുറം: വിവിധ വസ്തുക്കൾ കൊണ്ട് വർണാഭമായ പൂക്കൾ തീർക്കുകയാണ് കൊണ്ടോട്ടി കിഴിശേരി സ്വദേശി അങ്ങാടിപ്പറന്പിൽ ഷാഹിന ബഷീർ. പുല്ല്, മുള, ഇലകൾ, അടയ്ക്കാത്തൊണ്ട്, ചോളത്തൊലി, മരത്തൊലി തുടങ്ങി ഏത് വസ്തുവിലും ഷാഹിന ആകർഷകമായ അലങ്കാരപ്പൂക്കളൊരുക്കും.
പൂക്കളുണ്ടാക്കാൻ ഉപയോഗിക്കുന്ന ഓരോ വസ്തുവും എത്രകാലം കേടാവാതിരിക്കുമെന്ന് ഷാഹിനയ്ക്ക് അറിയാം. അവ തെരഞ്ഞുപിടിച്ച് ശേഖരിക്കുകയാണ് ആദ്യപടി. മൂക്കാത്ത പുല്ല് ഏറെനാൾ കേടുകൂടാതിരിക്കില്ല. അതിനായി മൂപ്പെത്തിയവ മാത്രം ശേഖരിക്കും. പിന്നീട് ഇവ കൊണ്ട് പൂക്കൾ തീർത്ത് ഫാബ്രിക് കളർ പൗഡറുകൾ വാങ്ങി പൂക്കളും തണ്ടുകളും ചായം തേച്ച് എക്സിബിഷനുകളിൽ എത്തിക്കുന്നു.
സ്റ്റാളിലിരുന്ന് ആളുകളുടെ മുന്നിൽ വച്ചാണ് ബാക്കിയുള്ള നിർമാണം. പരിസ്ഥിതി സൗഹൃദമായ അലങ്കാരപ്പൂക്കൾ വീടുകളിൽ എത്തിക്കുക എന്നത് മാലിന്യം വിപത്താകുന്ന കാലത്ത് വളരെ പ്രാധാന്യമർഹിക്കുന്ന പ്രവൃത്തിയാണെന്ന് ഷാഹിന പറയുന്നു.
മൂപ്പെത്തിയ തണ്ടും കായ്കളും മാത്രമാണ് അലങ്കാരച്ചെടികളുണ്ടാക്കാൻ തെരഞ്ഞെടുക്കുക. സഹായത്തിന് ആദിത്യയുമുണ്ട്. അലങ്കാരപ്പൂനിർമാണം സ്കൂൾ വിദ്യാർഥിയായ ആദിത്യയ്ക്കും ഇപ്പോൾ ഹരമാണ്. ഒപ്പം വരുമാനമാർഗവുമാണ്. കാഴ്ചപരിമിതർക്ക് മുളകൾ കൊണ്ട് അലങ്കാര വസ്തുക്കളുണ്ടാക്കാൻ പരിശീലനം നൽകുന്നുണ്ട് ഷാഹിന. അത്തരം കുട്ടികളെയും കൂട്ടി പലതരം പ്രദർശന, വിപണന മേളകളിൽ പങ്കെടുക്കണമെന്നതും ഷാഹിനയുടെ ആഗ്രഹമാണ്.
കുടുംബശ്രീ വഴിയാണ് ഷാഹിന ആദ്യം പൂക്കളുടെ വിപണി തിരിച്ചറിഞ്ഞത്. കുടുംബശ്രീയുടെ എക്സിബിഷനിൽ പായസവുമായി പോകുന്ന ഉമ്മയുടെ കൈയിൽ ചില കരകൗശല വസ്തുക്കൾ കൊടുത്തയച്ചുനോക്കി. മികച്ച പ്രതികരണമാണ് ലഭിച്ചത്. പിന്നീട് കുടുംബശ്രീ മേളകളിൽ സ്ഥിരം സാന്നിധ്യമായി. വ്യവസായ വകുപ്പ്, ബാംബൂ കോർപ്പറേഷൻ, പിന്നാക്കവികസന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകൾ ഷാഹിനയ്ക്ക് എക്സിബിഷനുകളിൽ ഇടം നൽകി. എന്റെ കേരളം, സരസ് തുടങ്ങിയ മേളകൾ വലിയ ഉൗർജമായി.
ഓണ്ലൈൻ മാർക്കറ്റിംഗിന്റെ രീതികളറിയാത്തതുകൊണ്ട് സർക്കാർ ഒരുക്കുന്ന മേളകളാണ് തന്നെപ്പോലുള്ളവരെ നിലനിർത്തുന്നതെന്ന് ഷാഹിന പറയുന്നു. വർഷത്തിൽ എട്ടോ പത്തോ മേള മതി ഒരു വർഷത്തേക്കുള്ള വരുമാനം കണ്ടെത്താൻ. ഉത്പന്നങ്ങൾ എക്സിബിഷനുകളിൽ എത്തിക്കാൻ ജില്ലാ വ്യവസായ കേന്ദ്രം പ്രോത്സാഹനവും പിന്തുണയും നൽകിയിട്ടുണ്ട്. വ്യവസായ വകുപ്പ്, കുടുംബശ്രീ വഴി ഡൽഹി ഉൾപ്പെടെ കേരളത്തിന് പുറത്തും ധാരാളം വേദികളും കിട്ടുന്നു.