പുലാമന്തോളിലും പരിസരത്തും ആരോഗ്യവകുപ്പിന്റെ പരിശോധന
1585150
Wednesday, August 20, 2025 5:57 AM IST
പുലാമന്തോൾ: പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ കട്ടുപ്പാറ, തിരുനാരായണപുരം, പുലാമന്തോൾ എന്നിവിടങ്ങളിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയും ശുചിത്വ നിയമങ്ങൾ പാലിക്കാതെയും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണസാധനങ്ങൾ തയാറാക്കുകയും സൂക്ഷിക്കുകയും ചെയ്ത സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി. ഭക്ഷണ വിതരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്.
തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കുവാൻ നൽകാവൂവെന്ന് കർശന നിർദേശം നൽകി. പുകവലി നിരോധന ബോർഡുകൾ സ്ഥാപിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ പിഴ അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പരിശോധനക്ക് ചെമ്മലശേരി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എൻ. അനിൽകുമാർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ധന്യ, മുഹമ്മദ് റഫീഖ്, പബ്ലിക് ഹെൽത്ത് നഴ്സ് ബീന, ഗ്രാമപഞ്ചായത്തിലെ സന്ദീപ് എന്നിവർ നേതൃത്വം നൽകി. മഞ്ഞപ്പിത്തം അടക്കമുള്ള ജലജന്യരോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഫൈസൽ അറിയിച്ചു.