വൻതോതിൽ വാഷും വാറ്റുപകരണങ്ങളും പിടികൂടി
1585155
Wednesday, August 20, 2025 5:57 AM IST
നിലന്പൂർ: എക്സൈസിന്റെ നേതൃത്വത്തിൽ 1750 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി.മന്പാട് പഞ്ചായത്തിലെ ഓടായിക്കൽ പാലക്കടവിലെ വാറ്റ് കേന്ദ്രമാണ് എക്സൈസ് സംഘം നശിപ്പിച്ചത്. കാളികാവ് എക്സൈസ് റേഞ്ച് വിഭാഗവും എടക്കോട് വനം സ്റ്റേഷനിലെ വനപാലകരും ചേർന്ന് പാലക്കടവ് കവണപാറ അമ്മിക്കുട്ടി വനമേഖലയിൽ നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്.
കാട്ടരുവിയോട് ചേർന്ന് പാറകൾക്കിടയിൽ സുരക്ഷിതമായാണ് വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. 1750 ലിറ്റർ വാഷിന് പുറമെ 10 ഗ്യാസ് സിലിണ്ടറുകൾ, വലിയ ബർണർ ഘടിപ്പിച്ച സ്റ്റൗവ്, ഒരേ സമയം 200 ലിറ്റർ വാഷ് ചാരായമാക്കാൻ കഴിയുന്ന വെൽഡ് ചെയ്തു പിടിപ്പിച്ച വലിയ രണ്ട് വാറ്റുപാത്രങ്ങളും മറ്റു വാറ്റ് ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്.
മലപ്പുറം ജില്ലയിൽ വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും വലിയ നാടൻ ചാരായ വാറ്റുകേന്ദ്രം കണ്ടെത്തുന്നത്. കക്കാടംപൊയിൽ, തോട്ടുമുക്കം, വെറ്റിലപ്പാറ, നിലന്പൂർ, എടവണ്ണ ഭാഗങ്ങളിലേക്കെല്ലാം ഓർഡർ പ്രകാരം നാടൻ ചാരായം എത്തിക്കുന്ന കേന്ദ്രമാണിത്. ചാരായ കേന്ദ്രത്തിന്റെ ഉടമയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രണ്ട് ലിറ്റർ ചാരായവുമായി ഇവിടെ നിന്ന് ഒരാൾ പിടിയിലായിരുന്നു. ഇയാളിൽ നിന്നാണ് വാറ്റ് കേന്ദ്രവുമായി ബന്ധപ്പെട്ട വിവരം ലഭിച്ചത്. കാളികാവ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.സി. അനീഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.എം. ശിവപ്രകാശ്, അസിസ്റ്റന്റ് ഇൻസ്പക്ടർ ഗ്രേഡ് പി.കെ. പ്രശാന്ത്,
പ്രവന്റീവ് ഓഫീസർ ഗ്രേഡ് കെ.എസ്. അരുണ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.വി. വിപിൻ, കെ. അമിത്ത്, സവാദ് നാലകത്ത്, എടക്കോട് വനം സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുരേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.