പെരിന്തൽമണ്ണ ഇൻഡോർ മാർക്കറ്റിന്റെ പ്രവൃത്തി പുരോഗമിക്കുന്നു
1585146
Wednesday, August 20, 2025 5:57 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ ഇൻഡോർ മാർക്കറ്റിന്റെ രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. 2019ലാണ് നിലവിലുള്ള മാർക്കറ്റ് പൊളിച്ച് മൂന്ന് ഏക്കർ സ്ഥലത്ത് 40 കോടി രൂപ ചെലവിൽ ആധുനിക ഇൻഡോർ മാർക്കറ്റ് എന്ന വാഗ്ദാനവുമായി നഗരസഭ ലേല നിക്ഷേപ സംഗമം നടത്തിയത്.
നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ച് മാർക്കറ്റ് നിർമാണം തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ലേലത്തിൽ പങ്കെടുത്ത പ്രവാസികളായ 200ൽ പരം ഉടമകളാണ് മുറികൾക്കായി കാത്തിരിക്കുന്നത്. നഗരസഭയുടെ രജത ജൂബിലി പദ്ധതികളിൽ ഒന്നായിരുന്ന ഇൻഡോർ മാർക്കറ്റ്, ആയുർവേദ ആശുപത്രി എന്നീ പദ്ധതികൾ ഈ ഭരണസമിതിയുടെ കാലയളവിൽ പൂർത്തീകരിച്ച് ജനങ്ങൾക്ക് സമർപ്പിക്കുവാൻ നഗരസഭ ശ്രമം നടത്തുന്നുണ്ടെങ്കിലും സാധ്യമാകാനിടയില്ല.
നാല് നിലകളിൽ പണിയുന്ന കെട്ടിടത്തിൽ ലിഫ്റ്റ് സൗകര്യം, 300 ലേറെ വാഹനങ്ങൾക്കുള്ള പാർക്കിംഗ്, മൂന്ന് പ്രധാന റോഡുകളിൽ നിന്ന് പ്രവേശന സൗകര്യം തുടങ്ങി ഹൈടെക് സൗകര്യങ്ങളോടെയാണ് മാർക്കറ്റ് വിഭാവനം ചെയ്തിരുന്നത്. 2020 ലാണ് ഒന്നാംഘട്ടം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത്. എന്നാൽ നഗരസഭ സാന്പത്തിക പ്രതിസന്ധിയിലായതോടെ നിർമാണം നിലച്ചു.
ഇപ്പോഴത്തെ ഭരണസമിതി ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് നിർമാണം പൂർത്തിയാക്കാൻ തീരുമാനിച്ചെങ്കിലും ഭൂരേഖ ലഭ്യമാക്കാൻ സാധിക്കാത്തതിനാൽ വായ്പ ലഭിച്ചതുമില്ല. പിന്നീടാണ് 30 കോടി രൂപ കെയുആർഡിഎഫ്സിയിൽ നിന്ന് വായ്പയെടുക്കാൻ സർക്കാർ അനുമതി നൽകിയത്. ഊരാളുങ്കൽ ലേബർ കണ്സ്ട്രക്ഷൻ കന്പനിയാണ് നിർമാണം നടത്തുന്നത്.