കളംപാട്ട് ശില്പശാല സംഘടിപ്പിച്ചു
1585731
Friday, August 22, 2025 6:02 AM IST
മക്കരപ്പറമ്പ്: മക്കരപ്പറമ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃത ക്ലബിന്റെ ആഭിമുഖ്യത്തിൽ കളംപാട്ട് ശില്പശാല സംഘടിപ്പിച്ചു.
ശില്പശാല പ്രധാനാധ്യാപകൻ ടി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രകൃതിദത്തമായ പഞ്ചവർണ്ണങ്ങളാൽ ദേവരൂപങ്ങൾ എഴുതി പൂജ ചെയ്ത് സ്തുതി വച്ച് പാട്ടുപാടി ദേവതകളെയും പരിവാരങ്ങളെയും മന്ത്രതന്ത്രങ്ങളാൽ ഉണർത്തി അവർക്കു വേണ്ട ബലി കൊടുക്കുന്ന ചടങ്ങാണ് അനുഷ്ഠാന കലയായ കളംപാട്ട്.
പാഠപുസ്തകത്തിന്റെ ഭാഗമായുള്ള കളമെഴുത്തുപാട്ടിനെ പരിചയപ്പെടുത്താനാണ് ശില്പശാല സംഘടിപ്പിച്ചത്. കേരള ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് കടന്നമണ്ണ ശ്രീനിവാസൻ ശില്പശാല നയിച്ചു.
കളംപാട്ടിന്റെ ആചാര അനുഷ്ഠാനങ്ങൾ, ഐതിഹ്യങ്ങൾ , ചടങ്ങുകൾ എന്നിവയെക്കുറിച്ചുള്ള സോദാഹരണ പ്രഭാഷണവും നന്തുണി ഉപയോഗിച്ചുള്ള കളം പാട്ടും കുട്ടികൾക്ക് നവ്യാനുഭവമായി. സംസ്കൃതം അധ്യാപിക പ്രീത മോൾ സ്വാഗതം നേർന്ന ചടങ്ങിൽ മറ്റ് അധ്യാപകർ സംബന്ധിച്ചു.