പ്രതി കുറ്റം സമ്മതിച്ചു; കോടതി ശിക്ഷ വിധിച്ചു
1585306
Thursday, August 21, 2025 5:29 AM IST
മഞ്ചേരി : വിചാരണ നടന്നുകൊണ്ടിരിക്കെ പ്രതി കുറ്റം സമ്മതിച്ചതിനെ തുടർന്ന് കോടതി ശിക്ഷ വിധിച്ചു. കഞ്ചാവ് കടത്ത് കേസിലെ പ്രതിയെയാണ് മഞ്ചേരി എൻഡിപിഎസ് കോടതി 10 മാസവും 19 ദിവസവും കഠിന തടവിനും 20000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു മാസത്തെ അധിക തടവ് അനുഭവിക്കണം.
എറണാകുളം പള്ളരുത്തി നന്പ്യാന്പുറം മാളിയേക്കൽ സിജാസ് (30)നെയാണ് ജഡ്ജ് ടി.ജി. വർഗീസ് ശിക്ഷിച്ചത്. 2018 സെപ്തംബർ ഒന്പതിന് വൈകീട്ട് 6.15ന് തിരൂർ റെയിൽവെ സ്റ്റേഷനിൽ വച്ചാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്.
തിരൂർ എക്സൈസ് ഇൻസ്പെക്ടറായിരുന്ന പി.എൽ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയിൽ നിന്ന് രണ്ട് കിലോ ഗ്രാം ഉണങ്ങിയ കഞ്ചാവും പിടികൂടിയിരുന്നു. മഞ്ചേരി എൻഡിപിഎസ് കോടതിയിൽ ഒന്നാം സാക്ഷിയെ വിചാരണ ചെയ്യുന്നതിനിടെ പ്രതി താൻ കുറ്റം ചെയ്തതായി ഏറ്റുപറഞ്ഞു. ഇതോടെ കേസ് മാറ്റിവച്ച കോടതി ഇന്നലെ വിധി പറയുകയായിരുന്നു.
അറസ്റ്റിലായ പ്രതി ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം വിചാരണക്ക് ഹാജരാകത്തതിനാൽ വീണ്ടും റിമാൻഡിലായിരുന്നു. ഇത്തരത്തിൽ രണ്ടു തവണ ആവർത്തിച്ചതിനാൽ പിന്നീട് പ്രതിക്ക് ജാമ്യം നൽകിയിരുന്നില്ല. ജയിലിൽ കിടന്ന കാലാവധി ശിക്ഷയിൽ ഇളവു ചെയ്യാൻ കോടതി ഉത്തരവിട്ടു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സുരേഷ് ഹാജരായി. പ്രതിയെ കോടതി തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.