വ്യാജ വോട്ട് ചേർത്തെന്ന പരാതിയിൽ അഞ്ചുപേർക്കെതിരേ കേസെടുത്തു
1585298
Thursday, August 21, 2025 5:18 AM IST
മലപ്പുറം: ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വ്യാജ വോട്ട് ചേർത്തെന്ന പരാതിയിൽ മലപ്പുറം ഇത്തിൾപറന്പ് സ്വദേശികളായ അഞ്ചുപേർക്കെതിരെ മലപ്പുറം പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ വയസ് തിരുത്തി വോട്ടർ പട്ടികയിൽ ചേർക്കാൻ സമർപ്പിച്ചവർക്ക് എതിരെയാണ് കേസെടുത്തത്.
സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, ജില്ലാ കളക്ടർ, എസ്പി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. എസ്എസ്എൽസി ബുക്കിൽ കൃത്രിമം നടത്തി പത്താംതരത്തിലും പ്ലസ്ടുവിലും പഠിക്കുന്ന വിദ്യാർഥികൾക്കാണ് വ്യാപകമായി വ്യാജ രേഖകൾ സൃഷ്ടിച്ചു വോട്ട് ചേർത്തെന്നാണ് യുഡിഎഫിന്റെ പരാതി.
വിവാദത്തത്തുടർന്ന് മലപ്പുറം നഗരസഭയിലെ എൻജിനിയറിംഗ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെ കഴിഞ്ഞദിവസം ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. വ്യാപകമായി കൃത്രിമ രേഖകൾ ചമക്കുന്നതിന് കൂട്ടുനിന്ന സൂപ്രണ്ടിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം സർക്കാരിനെയും കോടതിയെയും സമീപിക്കുന്നതിനുള്ള നീക്കത്തിലാണ്.