മലവെള്ളപ്പാച്ചിലിൽ പുഴയോര റോഡ് തകർച്ചാ ഭീഷണിയിൽ
1585147
Wednesday, August 20, 2025 5:57 AM IST
കരുവാരകുണ്ട്: മലയോര മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മാന്പറ്റ പുഴയോര റോഡ് തകർച്ചാ ഭീഷണിയിൽ. മാന്പറ്റ പാലത്തിന് സമീപം നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഭാഗത്തേക്കുള്ള റോഡാണ് തകർച്ച നേരിടുന്നത്. റോഡിന്റെ ഒരുവശം പുഴയാണ്.
റോഡ് പുഴയിലേക്ക് ഇടിഞ്ഞ് വീഴാതിരിക്കുന്നതിന് നിർമിച്ച സംരക്ഷണഭിത്തിയാണ് മലവെള്ളപ്പാച്ചിലിൽ ഭാഗികമായി തകർന്നിരിക്കുന്നത്. സംരക്ഷണഭിത്തി അടിയന്തരമായി പുനർനിർമിച്ചില്ലെങ്കിൽ മലവെള്ളപ്പാച്ചിലിൽ റോഡ് കുത്തിയൊലിച്ച് പോയേക്കുമെന്നാണ് സമീപവാസികൾ പറയുന്നത്.
റോഡ് ഇടിഞ്ഞു വീണാൽ മലവെള്ളം താമസസ്ഥലത്തേക്ക് ഒഴുകിയെത്തുമെന്നും ഇത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമായേക്കുമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
സ്ഥിരതാമസക്കാരായ ആളുകൾ വരുമാനം ലക്ഷ്യമാക്കി കോഴികൾ, പശുക്കൾ, ആടുകൾ എന്നിവയെയും വീടിനു സമീപം വളർത്തുന്നുണ്ട്. മലവെള്ളപ്പാച്ചിൽ ഇവയ്ക്കെല്ലാം ഭീഷണിയാകും. മഴ ഒഴിയുന്നത് വരെ കാത്തുനിൽക്കാതെ തകർന്ന ഭാഗത്ത് കരിങ്കല്ലുകൾ കൊണ്ടുവന്നിട്ടെങ്കിലും റോഡിന് സംരക്ഷണമൊരുക്കണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.