ജനറല്‍ ആശുപത്രി : പ്രതിഷേധവുമായി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വീണ്ടും
1585732
Friday, August 22, 2025 6:04 AM IST
മഞ്ചേരി: ജനറല്‍ ആശുപത്രി നഗരസഭക്ക് വിട്ടുനല്‍കിയിട്ടുണ്ടെന്ന ആരോഗ്യമന്ത്രിയുടെ പൊതുവേദിയിലെ പ്രസംഗത്തിന് പിന്നാലെ തുടര്‍പ്രതിഷേധങ്ങളുമായി ചെയര്‍പേഴ്സനും യുഡിഎഫ് കൗണ്‍സിലര്‍മാരും.
മന്ത്രി പറഞ്ഞത് ശരിയാണെങ്കില്‍ ആശുപത്രിയുടെ എച്ച് എം സി രൂപീകരിക്കുന്നതിനും ഏതൊക്കെ കെട്ടിടങ്ങളാണ് നഗരസഭക്ക് വിട്ടുനല്‍കിയതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് കൗണ്‍സിലര്‍മാര്‍ വീണ്ടും ആശുപത്രിയിലെത്തി പ്രതിഷേധിച്ചത്.
ഇത് രണ്ടാം തവണയാണ് ഇതേവിഷയത്തില്‍ കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി ആശുപത്രിയിലെത്തുന്നത്. അടിയന്തിര നടപടി ആവശ്യപ്പെട്ട് ജില്ല കലക്ടര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍, സൂപ്രണ്ട് എന്നിവര്‍ക്ക് രേഖാമൂലം കത്ത് നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിഎംഇ), ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിഎച്ച്എസ്), ജില്ല കലക്ടര്‍ എന്നിവരെ അറിയിച്ച് നാല് ദിവസത്തിനകം മറുപടി നല്‍കാമെന്നാണ് സൂപ്രണ്ട് അറിയിച്ചത്.
ഈ മറുപടി തേടിയാണ് ജനപ്രതിനിധികള്‍ വീണ്ടും സൂപ്രണ്ടിന് മുന്നിലെത്തിയത്. തങ്ങളുടെ പരാതിക്ക് മറുപടി ലഭിക്കണമെന്നാവശ്യപ്പെട്ട് സൂപ്രണ്ടിനെ കണ്ടെങ്കിലും സര്‍ക്കാറില്‍ നിന്നും മറുപടിയൊന്നും ലഭിച്ചില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. ജില്ല കലക്ടര്‍, ഡിഎംഇ, ഡിഎച്ച്എസ് എന്നിവര്‍ക്ക് ചെയര്‍പേഴ്സന്റെ കത്ത് അന്ന് തന്നെ നല്‍കിയതായും സൂപ്രണ്ട് ഇവരെ അറിയിച്ചു.
ഇതോടെ കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. മെഡിക്കല്‍ കോളജില്‍ ഉദ്ഘാടനത്തിനെത്തിയ ആരോഗ്യവകുപ്പ് മന്ത്രി ജനറല്‍ ആശുപത്രി 2016ല്‍ നഗരസഭക്ക് വിട്ടുനല്‍കിയെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളജില്‍ നിന്നും മാറ്റിയാല്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുമെന്ന കാര്യം പിന്നീടാണ് മന്ത്രി തിരിച്ചറിഞ്ഞതെന്നും എച്ച്എംസി രൂപീകരിക്കാന്‍ സര്‍ക്കാര്‍ യാതൊരുവിധ ഇടപെടലും നടത്തുന്നില്ലെന്നും ചെയര്പേഴ്സന് വി.എം. സുബൈദ പറഞ്ഞു.
ആശുപത്രി വിട്ടുനല്‍കിയാല്‍ ഭരണച്ചുമതല നഗരസഭ ഏറ്റെടുക്കുമെന്നും സൂപ്രണ്ടിനെ അറിയിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, എന്‍. കെ. ഖൈറുന്നീസ, സി. സക്കീന, എന്‍.എം. എല്‍സി, കൗണ്‍സിലര്‍മാരായ അഡ്വ. ബീന ജോസഫ്, മരുന്നന്‍ മുഹമ്മദ്, അഷ്റഫ് കാക്കേങ്ങല്‍, എന്‍.കെ. ഉമ്മര്‍ ഹാജി, ഹുസൈന് മേച്ചേരി, എം.കെ. മുനീര്‍, ഷൈമ ആക്കല, മുജീബ് റഹ്മാന് പരേറ്റ, ചിറക്കല്‍ രാജന്, ഫാതതിമ സുഹ്റ തുടങ്ങിയവര്‍ നേതൃത്വം നല്കി.