വിദ്യാർഥിയെ മർദിച്ച് പരിക്കേൽപ്പിച്ചതായി പരാതി
1585133
Wednesday, August 20, 2025 5:27 AM IST
വണ്ടൂർ: സുഹൃത്തുക്കൾക്കൊപ്പം പോയ 17കാരനെ ഒരു സംഘമാളുകൾ ക്രൂരമായി മാർദിച്ചതായി പരാതി. തലയിലും പുറത്തും കൈക്കും ഗുരുതര പരിക്കേറ്റു. വണ്ടൂർ അയനിക്കോട് ആണ് സംഭവം.മർദനമേറ്റ കുട്ടിയുടെ പിതാവിന്റെ പരാതിയിൽ വണ്ടൂർ പോലീസ് കേസെടുത്തു.
കഴിഞ്ഞ ഞാറാഴ്ച രാത്രി 7.15 ഓടെയാണ് പാണ്ടിക്കാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയും പാണ്ടിക്കാട് പനന്പറ്റ സ്വദേശിയുമായ വിദ്യാർഥി സുഹൃത്തുക്കൾക്കൊപ്പം കാറിൽ പതിവായി ചായ കുടിക്കാൻ പോകാറുള്ള അയിനിക്കോട്ടെ ചായക്കടയിലേക്ക് പോയത്. കടയ്ക്കു മുന്നിൽ കാർ നിർത്തിയപ്പോൾ ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ടും ജാക്കി ലിവറും ഉപയോഗിച്ചാണ് മർദിച്ചതെന്ന് വിദ്യാർഥി പറയുന്നു. കൂട്ടത്തിലുണ്ടായിരുന്ന വിദ്യാർഥിയുടെ സഹോദരനും പരിക്കേറ്റിട്ടുണ്ട്.
കാറിൽ കയറി വാതിൽ അടച്ചതോടെ പിറകിലെ ഡിക്കി തുറന്ന് വീണ്ടും മർദിക്കുകയായിരുന്നു. സംഭവ സമയം അതുവഴി പോയ ബന്ധുക്കൾ ഇതുകണ്ട് രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് പതിനേഴുകാരനെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു. തലയിലും പുറത്തും കാലിലും മുറിവുകളുണ്ട്. വലതുകൈ ഒടിഞ്ഞിട്ടുണ്ട്.
പിൻഭാഗത്ത് നീളത്തിൽ മുറിവേൽപ്പിച്ച പാടുകളുണ്ട്. മർദിച്ച സംഘത്തിൽ ഒരാൾ പത്താം ക്ലാസിൽ വിദ്യാർഥിയോടൊപ്പം ഒരുമിച്ചു പഠിച്ചതാണ്. അന്ന് സ്കൂളിൽ ഉണ്ടായ പ്രശ്നത്തെ തുടർന്നുള്ള വൈരാഗ്യമാണ് മർദനത്തിന് കാരണമെന്നാണ് കരുതുന്നത്. പരിക്ക് കാരണം പതിനേഴുകാരന് ഓണപ്പരീക്ഷ എഴുതാൻ സാധിക്കില്ല. മർദനമേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ പിതാവ് തെച്ചിയോടൻ മുഹമ്മദിന്റെ പരാതിയിൽ വണ്ടൂർ പോലീസ് അന്വേഷണം ആരംഭിച്ചു.