റെയിൽവേയുടെ ഓണസമ്മാനം : ഷൊർണൂർ - നിലന്പൂർ മെമു സർവീസ് 23 മുതൽ
1585299
Thursday, August 21, 2025 5:29 AM IST
അങ്ങാടിപ്പുറം: നിലന്പൂരിലേക്ക് മെമു ട്രെയിൻ യാഥാർഥ്യമാകുന്നു. യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യമാണ് 23ന് ആദ്യ മെമു സർവീസ് ഷൊർണൂരിൽ നിന്ന് നിലന്പൂരിലേക്ക് പുറപ്പെടുന്നതോടെ സഫലമാകുന്നത്.
ഈ പാതയിലെ യാത്രക്കാർ ഓണസമ്മാനമായാണ് മെമു സർവീസിനെ വരവേൽക്കുന്നത്. മെമു സർവീസ് എന്നാണ് ആരംഭിക്കുകയെന്ന ആശങ്കയിലായിരുന്നു യാത്രക്കാർ. അതിന് വിരാമമായി റെയിൽവേ ജീവനക്കാരുടെയും യാത്രക്കാരുടെയും കൂട്ടായ്മയായ ട്രെയിൻ ടൈം കൂട്ടായ്മയിലൂടെ ട്രെയിൻ ടൈം ചീഫ് കോ ഓർഡിനേറ്റർ സലീം ചുങ്കത്താണ് ഇക്കാര്യം പങ്കുവച്ചത്.
എറണാകുളത്ത് നിന്ന് വൈകുന്നേരം 5.40 ന് പുറപ്പെട്ട് ഷൊർണൂരിൽ രാത്രി 8.40 ന് എത്തിയിരുന്ന എറണാകുളം-ഷൊർണൂർ മെമു നിലന്പൂരിലേക്ക് നീട്ടണമെന്ന് ആവശ്യം ആദ്യമായി പാലക്കാട് ഡിവിഷനിൽ എത്തിച്ചത് എസ്എൻആർപിഎ അധ്യക്ഷൻ ഷിജു എം. സാമുവൽ ആയിരുന്നു.
പിന്നീട് പി.വി. അബ്ദുൾ വഹാബ് എംപിയുടെയും ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും നിരന്തര ഇടപെടൽ ഉണ്ടാവുകയും ഇ.ടി. മുഹമ്മദ് ബഷീർ എംപി വിഷയം പാർലമെന്റിൽ അവതരിപ്പിക്കുകയും ചെയ്തത് ഏറെ ഗുണകരമായി. ട്രെയിൻ ടൈം കൂട്ടായ്മയുടെ നിരന്തര ഇടപെടൽ കേന്ദ്രമന്ത്രി ജോർജ് കൂര്യനിലേക്കും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിലേക്കും എത്തിയതോടെ മെമുവിന്റെ സർവീസ് ഓണത്തിന് മുന്പ് തന്നെ തുടക്കം കുറിക്കാനായി.
നിലവിലെ സമയം അനുസരിച്ച് 8.35ന് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട് 9.55ന് നിലന്പൂരിലെത്തും. പിന്നീട് പുലർച്ചെ 3.40 ന് നിലന്പൂരിൽ നിന്ന് പുറപ്പെട്ട് 4.55 ന് ഷൊർണൂരിലെത്തും. രാവിലെ അഞ്ചിന് ഷൊർണൂരിൽ നിന്ന് ഇതേ റാക്ക് ഷൊർണൂർ-കണ്ണൂർ മെമു ആയി സർവീസ് നടത്തും.
നിലന്പൂരിൽ നിന്ന് കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ഇത് ഉപകാരപ്രദമാകും. നിലന്പൂരിൽ നിന്ന് ഷൊർണൂരിലേക്ക് പോകുന്പോൾ വാണിയന്പലത്തും അങ്ങാടിപ്പുറത്തും മാത്രമാണ് സ്റ്റോപ്പുള്ളത്. ഷൊർണൂരിൽ നിന്ന് നിലന്പൂരിലേക്ക് വരുന്പോൾ തൊടിയപ്പുലം, വാടാനംകുറുശി, തൂവൂർ എന്നീ സ്റ്റേഷനുകൾ ഒഴികെ മറ്റെല്ലാ സ്റ്റോപ്പുകളിലും ട്രെയിൻ നിർത്തും. ഷൊർണൂരിൽ നിന്നുള്ള മെമ്മുവിന്റെ പുറപ്പെടൽ സമയം 9.15ന് ആയാൽ വന്ദേഭാരതിന് കണക്ഷൻ ലഭിക്കും.
ആലപ്പുഴ, കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്, തിരുവനന്തപുരം -മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് എന്നിവയ്ക്കും കണക്ഷൻ ഉറപ്പിക്കാം. അതുപോലെ മെമുവിന്റെ പുലർച്ചെ നിലന്പൂരിൽ നിന്നുള്ള പുറപ്പെടൽ സമയം അൽപം കൂടി പിന്നോട്ടാക്കിയാൽ 4.30നുള്ള ഷൊർണൂർ എറണാകുളം ആലപ്പുഴ മെമു കണക്ഷൻ ലഭിക്കും. അതല്ലെങ്കിൽ എറണാകുളം യാത്രയ്ക്ക് 8.45ന്റെ എക്സിക്യൂട്ടീവ് വരെ കാക്കേണ്ടി വരും.