വന്യമൃഗ ഭീഷണിയും തോരാ മാരിയും : ഇനി മാനം വെളുത്താലും മലയോരത്ത് ഓണം കറുക്കും
1585722
Friday, August 22, 2025 6:01 AM IST
കരുവാരകുണ്ട്: കനത്ത മഴ മാറി മാനം തെളിഞ്ഞാലും മലയോരത്ത് ഓണം കറുക്കും. വന്യ മൃഗ ഭീഷണിയും പേമാരിയും കാരണം തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളുടെ വീടുകളിലെല്ലാം ഇക്കുറി കണ്ണീരോണമാവും.
കാളികാവ് അടക്കാക്കുണ്ടിൽ ടാപ്പിംഗ് തൊഴിലാളിയെ കടുവ പിടികൂടി കൊലപ്പെടുത്തിയ ശേഷം തോട്ടങ്ങളിൽ തൊഴിലെടുക്കാൻ തൊഴിലാളികൾ പോകാതെയായി. കടുവയെ പിടികൂടുന്നതിനുവേണ്ടി ദൗത്യ സംഘത്തിന് ഒന്നര മാസത്തോളം വേണ്ടി വന്നു.
ഇക്കാലമത്രയും തൊഴിലാളികൾക്ക് വന്യമൃഗ ഭീഷണി കാരണം തൊഴിലടങ്ങളിൽ എത്തിപ്പെടാൻ സാധിച്ചില്ല. കടുവയ്ക്ക് പുറമേ പുലി, കാട്ടാന,കാട്ടുപന്നി എന്നിവയുടെ ആക്രമണവും തൊഴിലാളികളെ ഭീതിയിലാഴ്ത്തി. മാസങ്ങളോളം തൊഴിലെടുക്കാൻ കഴിയാതെയായതോടെ മിക്ക തൊഴിലാളികൾക്കും വലിയ കടബാധ്യതയാണ് വന്നു ചേർന്നിരിക്കുന്നത്.
ചെറുകിട തോട്ടം ഉടമകൾക്കും വൻ നഷ്ടമാണ് സംഭവിച്ചത്. തിമർത്തു പെയ്ത മഴ കാരണം റബർ ടാപ്പിംഗ് പാടെ മുടങ്ങുകയും ചെയ്തു. അടയ്ക്ക, നാളികേരം, കൊക്കോ, ജാതി,വാഴ തുടങ്ങിയ വിളകളെയും പ്രതികൂല കാലാവസ്ഥയും മൃഗ ശല്യവും രൂക്ഷമായി ബാധിച്ചു.
വന്യമൃഗ ശല്യം കാരണം റബർ ടാപ്പിംഗ് മുടങ്ങിയതോടെ റബർ തോട്ടങ്ങളിൽ റെയിൻ ഗാർഡനിങ് നടത്താനും ഉടമകൾ തയ്യാറായില്ല. ഇതുകൊണ്ട് തന്നെ മഴക്കാലത്തെടാപ്പിംഗ് പൂർണമായും നിലക്കുകയും ചെയ്തു. ടാപ്പിങ്ങിന് പുറമേ മലയോര മേഖലയിലെ തോട്ടം തൊഴിലിടങ്ങളിൽ മറ്റു തൊഴിലുകളും നിലക്കുകയും ചെയ്തു.
നൂറു കണക്കിന് തൊഴിലാളികളാണ് തോട്ടം തൊഴിൽ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. അധ്യയന വർഷാരംഭത്തിൽ കുട്ടികൾക്ക് ആവശ്യമായ പഠനസാമഗ്രികൾ ലഭ്യമാക്കുന്നതിന് തന്നെ വായ്പയുടെത്തും ഉള്ള വസ്തുക്കൾ വിറ്റും പണയപ്പെടുത്തിയും തൊഴിലാളികൾ കടബാധ്യസ്ഥരായി മാറിയിരുന്നു.
ഓണമുണ്ണാൻ കൂടെകടമെടുക്കാൻ കഴിയാത്ത അവസ്ഥയാണ് തൊഴിലാളികൾക്കുള്ളത്. സർക്കാർ നൽകുന്ന ഓണക്കിറ്റുകൾ നാമമാത്രമായ ആളുകൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ. തോട്ടം തൊഴിൽ മേഖലയിലെ തൊഴിലാളികളെ കണ്ടെത്തി ഓണത്തിനെങ്കിലും സൗജന്യ റേഷനും അവശ്യവസ്തുക്കളും ലഭ്യമാക്കാൻ വേണ്ട അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നാണ് പ്രദേശത്തെ പ്രമുഖ തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെടുന്നത്.