മതപരിവർത്തന നിരോധന നിയമം: കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളെന്ന് സിപിഎം
1585305
Thursday, August 21, 2025 5:29 AM IST
മക്കരപ്പറന്പ് : ഇന്ത്യയിൽ മതപരിവർത്തന നിരോധന നിയമം നടപ്പാക്കുന്നതിൽ കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്ന് സിപിഎം സംസ്ഥാന സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.വി. ജയരാജൻ പറഞ്ഞു. സിപിഎം മങ്കട ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കൃഷ്ണപ്പിള ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വോട്ടർമാരുടെ അവകാശം നിഷേധിക്കും വിധം നിയമങ്ങൾ കൊണ്ടുവന്ന് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് മോദി ഭരണമെന്നും ഇത്തരം നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനപൂർവവും ഐശ്വര്യകരവുമായ കേരളം നിലനിൽക്കാൻ ജനങ്ങൾ മൂന്നാം തവണയും ഭരണം ഇടതുമുന്നണിയെ തന്നെ ഏൽപ്പിക്കുമെന്നും
ന്യൂനപക്ഷ സംരക്ഷണത്തിന്റെ ഉത്തമ ഉദാഹരണമാണ് കേരള സർക്കാരെന്നും എം.വി. ജയരാജൻ വ്യക്തമാക്കി.
സിപിഎം മങ്കട ഏരിയ സെക്രട്ടറി മോഹനൻ പുളിക്കൽ അധ്യക്ഷനായിരുന്നു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ, പി.കെ. അബ്ദുള്ള നവാസ്, സിപിഎം ജില്ലാ കമ്മിറ്റിയംഗം എം.പി. അലവി, മങ്കട ഏരിയ കമ്മിറ്റിയംഗം അഡ്വ. ടി.കെ. റഷീദലി എന്നിവർ പ്രസംഗിച്ചു. മക്കരപ്പറന്പ് ടൗണിൽ ബഹുജന റാലിയും പൊതുയോഗ ശേഷം കലാപരിപാടികളും അരങ്ങേറി.