തദ്ദേശ തെരഞ്ഞെടുപ്പ്: നിലന്പൂർ ചതുഷ്കോണ മത്സരത്തിലേക്ക്
1585302
Thursday, August 21, 2025 5:29 AM IST
നിലന്പൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മൂന്ന് മാസം കൂടി ഉണ്ടെങ്കിലും നിലന്പൂർ നഗരസഭയിൽ മുന്നെരുക്കത്തിലാണ് മുന്നണികൾ. നിലവിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് മാട്ടുമ്മൽ സലീം ചെയർപേഴ്സണായ എഡിഎഫ് ഭരണ സമിതി ഉള്ളതെങ്കിലും ഭരണം നിലനിർത്തുക എന്നത് എളുപ്പമല്ലെന്ന് എൽഡിഎഫിനറിയാം.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് നഗരസഭയിൽ നിന്ന് 3967 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇത് യുഡിഎഫ് കേന്ദ്രങ്ങളിൽ വലിയ ഉൗർജമാണ് ഉണ്ടാക്കിയിട്ടുള്ളത്. അതിനാൽ ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
പ്രതിപക്ഷമെന്ന നിലയിൽ കോണ്‍ഗ്രസിന് നഗരസഭയിൽ വേണ്ടവിധത്തിൽ പ്രതിരോധിക്കാൻ കഴിയാതിരുന്നതും ഡിവിഷൻ വിഭജനവും യുഡിഎഫിന് മുന്നിലെ പ്രതിസന്ധികളാണ്. പ്രധാനമുന്നണികൾ തമ്മിലുള്ള അങ്കം നിലന്പൂർ ജില്ലാ ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് ഉയർന്നു കഴിഞ്ഞു. ഇരുമുന്നണികളുടെയും ഉറക്കംകെടുത്തി തൃണമൂൽ കോണ്‍ഗ്രസ് ഇക്കുറി 36 ഡിവിഷനിലും മത്സരിക്കും.
ഉപതെരഞ്ഞെടുപ്പിൽ 2000 ത്തിലേറെ വോട്ടുകൾ നേടി പി.വി. അൻവർ നിലന്പൂർ നഗരസഭയിൽ തങ്ങളുടെ കരുത്ത് കാട്ടിയിരുന്നു. ചരിത്രത്തിലാദ്യമായി നിലന്പൂർ നഗരസഭയിൽ അക്കൗണ്ട് തുറന്ന ബിജെപി ഇക്കുറി ഒന്നിൽ കൂടുതൽ സീറ്റുകളിൽ വിജയം ലക്ഷ്യമിടുന്നു.
2010ൽ നഗരസഭയായി മാറിയ ശേഷം യുഡിഎഫും എൽഡിഎഫും തമ്മിലാണ് പ്രധാന മത്സരം നടന്നതെങ്കിൽ ഇക്കുറി ചതുഷ്കോണ മത്സരത്തിന് നിലന്പൂർ നഗരസഭ വേദിയാകും. അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലന്പൂർ നഗരസഭ ആര് നേടും എന്നത് നിർണായകമാണ്.