പട്ടികജാതി വീട്ടമ്മക്ക് മര്‍ദനം : യുവാവിന് തടവും പിഴയും
1585725
Friday, August 22, 2025 6:02 AM IST
മഞ്ചേരി : പട്ടികജാതിയില്‍പ്പെട്ട വീട്ടമ്മയെ മര്‍ദിച്ച യുവാവിനെ മഞ്ചേരി എസ് സി എസ് ടി സ്പെഷ്യല്‍ കോടതി ഒരു വര്‍ഷവും മൂന്നു മാസവും തടവിനും 1000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
വഴിക്കടവ് കാരക്കോട് അമ്പലക്കുന്ന് പനങ്ങേല്‍ വീട്ടില്‍ ഷിബു (40)നെയാണ് ജഡ്ജ് ടി.ജി. വർഗീസ് ശിക്ഷിച്ചത്. 2022 ഡിസംബര്‍ അഞ്ചിന് രാത്രി എട്ടു മണിക്കാണ് സംഭവം. ആറു മാസം മുമ്പ് കടം വാങ്ങിയ പൈപ്പ് തിരികെ ചോദിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം.
55കാരിയായ വീട്ടമ്മയെ അയല്‍വാസിയായ പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി മർദിക്കുകയും അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയുമായിരുന്നു.
വഴിക്കടവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊണ്ടോട്ടി അസി. പോലീസ് സൂപ്രണ്ടായിരുന്ന വിജയ്ഭാരത് റെഡ്ഡിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.