ലഹരിക്കെതിരേ നടപടി ശക്തമാക്കി ഓണം സ്പെഷൽ ഡ്രൈവ്
1585152
Wednesday, August 20, 2025 5:57 AM IST
പെരിന്തൽമണ്ണ: ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് പെരിന്തൽമണ്ണ, മങ്കട നിയോജക മണ്ഡലംതല ജനകീയ കമ്മിറ്റികൾ ചേർന്നു. മങ്കട ബ്ലോക്ക് ഓഫീസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മഞ്ഞളാംകുഴി അലി എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ നിയോജകമണ്ഡലംതല ജനകീയ കമ്മിറ്റി യോഗത്തിൽ നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷത വഹിച്ചു. ജനുവരി മുതൽ ജൂലൈ വരെയുള്ള താലൂക്ക്തല എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.അനൂപ് വിശദീകരിച്ചു. താലൂക്ക് തലത്തിൽ നടത്തിയ 810 റെയ്ഡുകളിലായി 94 കഞ്ചാവ്,മയക്കുമരുന്ന് കേസുകളും 102 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തു. അബ്കാരി, എൻഡിപിഎസ് കേസുകളിലായി 182 പേരെ അറസ്റ്റ് ചെയ്തു.
381 കോട്ട്പ കേസുകളും ഈ കാലയളവിലുണ്ടായിരുന്നു. 17.741 കിലോ കഞ്ചാവും ഒരു കഞ്ചാവ് ചെടിയും 13.240 ഗ്രാം ഹെറോയിനും 830 ലിറ്റർ വാഷും 410 ലിറ്റർ വിദേശ മദ്യവും എട്ട് ലിറ്റർ ചാരായവും പിടികൂടി. സ്കൂളുകളും കോളജുകളും റസിഡന്റ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് ബോധവത്ക്കരണവും നടത്തി. വിദ്യാർഥികളെ ലക്ഷ്യമാക്കിയുള്ള ലഹരി വിൽപ്പന സംഘങ്ങളെ അമർച്ച ചെയ്യാൻ എക്സൈസിന്റെ പ്രവർത്തനം ഊർജിതമാക്കണമെന്ന് എംഎൽഎമാർ ആവശ്യപ്പെട്ടു.
അബ്കാരി എൻഡിപിഎസ് കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ: 9400069645, എക്സൈസ് ഇൻസ്പെക്ടർ: 9400069656, എക്സൈസ് സർക്കിൾ ഓഫീസ്: 04933 227653, എക്സൈസ് റേഞ്ച് ഓഫീസ്: 04933 227539 നന്പറിൽ വിവരം നൽകണം.