പശുവിനെ കൊന്ന് തിന്ന സ്ഥലത്ത് വീണ്ടും കടുവയെത്തി
1585723
Friday, August 22, 2025 6:02 AM IST
കാളികാവ്: അടക്കാക്കുണ്ട് 70 ഏക്കർ പ്രദേശത്തെ 50 ഏക്കറിൽ കടുവ പശുവിനെ കടിച്ചു കൊന്ന് ഭക്ഷിച്ച അതേ സ്ഥലത്ത് വീണ്ടും കടുവ എത്തി. വനം വകുപ്പ് പ്രദേശത്ത് നാല് കാമറകൾ സ്ഥാപിച്ചിരുന്നു. കടുവയെ വീണ്ടും കണ്ടതോടെ പ്രദേശത്ത് കെണികൂട് വച്ച് കടുവയെ പിടികൂടണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ഏഴുപതേക്കർ റോഡിനോട് ചേർന്ന മലയപ്പിള്ളി ജോസിന്റെ റൂഹ എസ്റ്റേറ്റിലെ തൊഴുത്തിൽ കെട്ടിയിട്ട നാല് പശുക്കളിൽ ഒന്നിനെയാണ് കടുവ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ കടിച്ചെടുത്ത് കൊണ്ട് പോയി കൊന്നു തിന്നത്.
പശുവിന്റെ ഒരു ഭാഗം ഭക്ഷിച്ചിച്ച നിലയിൽ തൊഴുത്തിന് സമീപത്ത് അമ്പത് മീറ്ററോളം അകലെയാണ് ജഡാവശിഷ്ട്ടം കാണപ്പെട്ടത്. ഈ സ്ഥലത്ത് തുടർന്ന് വനം വകുപ്പ് നാല് കാമറകൾ സ്ഥാപിച്ചിരുന്നു. സംഭവ സ്ഥലത്ത് സ്ഥാപിച്ച കാമറക്ക് സമീപത്ത് കടുവ വീണ്ടും എത്തിയതായിട്ടാണ് കാണപ്പെട്ടിട്ടുണ്ട്. കടുവ പിടിച്ച പശുവിന്റെ കൂടെ തൊഴുത്തിൽ ഉണ്ടായിരുന്ന മറ്റ് മൂന്ന് പശുക്കളെ ഏറെ പരിഭ്രാന്തിയിലാണ് കാണുന്നത്.
തൊഴുത്തിൽ കേറാനോ, പുല്ല് തിന്നുന്നതിനോ പോലും കൂട്ടാക്കുന്നില്ല. ഇതിനിടെ കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്ന ആവശ്യം ശക്തമായി. ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ റാവുത്തൻ കാടിന്റേയും, കഴിഞ്ഞ മാസം പുല്ലങ്കോട് എസ്റ്റേറ്റിൽ പശുവിനെ കടിച്ചു എന്ന് പറയപ്പെടുന്നതിന്റേയും നടുവിലായിട്ടാണ് ചൊവ്വാഴ്ച പശുവിനെ കൊന്നത്. ചെങ്ങണം കുന്ന്, ചേരുകുളമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി കുടുംബങ്ങൾ കഴിയുന്നുണ്ട്. ഈ ഭാഗങ്ങളിലെ ജനങ്ങളെല്ലാം ഭീതിയിലാണ്.