മെമു സർവീസ് സമയമാറ്റം പരിഗണിക്കുമെന്ന് ഡിആർഎം
1585983
Saturday, August 23, 2025 5:39 AM IST
നിലന്പൂർ: ഷൊർണൂർ- നിലന്പൂർ പാതയിൽ ഇന്ന് സർവീസ് ആരംഭിക്കുന്ന പുതിയ മെമു ട്രെയിനിന്റെ സമയക്രമം യാത്രക്കാർക്ക് സഹായകരമായ രീതിയിൽ പുന:ക്രമീകരിക്കുന്നത് പരിഗണിക്കാമെന്നും നിലന്പൂർ റെയിൽവേ അടിപ്പാത സെപ്തംബർ 30നകം ഗതാഗതത്തിനായി തുറന്ന് നൽകുമെന്നും പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർ (ഡിആർഎം) മധുകർ റാവുത്ത് ഉറപ്പുനൽകി.
നിലന്പൂർ റെയിൽവേ സ്റ്റേഷനിലെ അമൃത് സ്റ്റേഷൻ പ്രവൃത്തി വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. നിലന്പൂർ- തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസിന് പ്രഖ്യാപിച്ച പുതിയ രണ്ട് അധിക കോച്ചുകൾ രണ്ടു മാസത്തിനകം ലഭ്യമാക്കുമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ടുകളെല്ലാം സമർപ്പിച്ചിട്ടുണ്ടെന്നും രണ്ട് മാസത്തിനകം തന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്യാടൻ ഷൗക്കത്ത് എംഎൽഎയും നിലന്പൂർ മൈസൂർ ആക്ഷൻ കൗണ്‍സിൽ ഭാരവാഹികളും ഡിആർഎമ്മുമായി ചർച്ച നടത്തി. വേണാട് എക്സ്പ്രസ് നിലന്പൂരിലേക്ക് നീട്ടണമെന്നും വേണാട് അടക്കമുള്ള ട്രെയിനുകൾ നിലന്പൂരിലേക്ക് സർവീസ് നീട്ടുന്നതിനായുള്ള സാങ്കേതിക തടസം നീക്കാൻ രണ്ടാം പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
റെയിൽവേ ഡിവിഷൻ മാനേജർക്കൊപ്പം അഡീഷണൽ ഡിവിഷൻ മാനേജർ എസ്.ജയകൃഷ്ണൻ, ഡിവിഷൻ ഓപ്പറേറ്റിംഗ് മാനേജർ ബാലമുരളി, കൊമേഴ്സ്യൽ മാനേജർ അരുണ്‍ തോമസ് എന്നിവരുമുണ്ടായിരുന്നു. നിലന്പൂർ മൈസൂർ ആക്ഷൻ കൗണ്‍സിൽ ഭാരവാഹികളായ ജോഷ്വാ കോശി, ഡോ. ബിജു നൈനാൻ, അനസ് യൂണിയൻ, യു. നരേന്ദ്രൻ, വിനോദ് പി. മേനോൻ തുടങ്ങിയവരും സംബന്ധിച്ചു.