മുക്കുപണ്ടം പണയം വച്ച് മൂന്നര ലക്ഷം തട്ടിയ പ്രതി പിടിയിൽ
1585985
Saturday, August 23, 2025 5:39 AM IST
പൊന്നാനി:പൊന്നാനി കോ ഒപ്പറേറ്റീവ് ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് മൂന്നര ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ പൊന്നാനി കടവനാട് സ്വദേശി പാലക്കവളപ്പിൽ റഷീദ് (36) പിടിയിലായി. സ്വർണം ആണെന്ന് വിശ്വസിപ്പിച്ച് ബാങ്കിൽ ആഭരണം പണയം വച്ച കടവനാട് സ്വദേശി പ്രവീണിന് മുക്കുപണ്ടം ഏർപ്പെടുത്തി കൊടുത്തത് റഷീദ് ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പുറങ്ങ് എന്ന സ്ഥലത്ത് ബന്ധുവിന്റെ ക്വാർട്ടേഴ്സിൽ ഒളിവിലായിരുന്ന റഷീദിനെ പഴുതടച്ച നീക്കങ്ങളിലൂടെയാണ് പോലീസ് പിടികൂടിയത്.
2023-2024 വർഷങ്ങളിലായി രണ്ട് തവണ സമാനമായ തട്ടിപ്പ് നടത്തിയതിന് റഷീദ് പൊന്നാനി പോലീസിന്റെ പിടിയിലായിരുന്നു. എട്ട് മാസം തവനൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന റഷീദ് ഒരു മാസം മുന്പാണ് ഇറങ്ങിയത്.
2016ൽ പുരാവസ്തു വിൽക്കാനുണ്ടെന്ന് കാണിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയ കേസിലും ഇയാൾ പ്രതിയാണ്. മുക്കുപണ്ടം പണയം വച്ച കേസിൽ കടവനാട് സ്വദേശി പ്രവീണിനെ അറസ്റ്റ് ചെയ്ത വിവരം മനസിലാക്കിയ റഷീദ് മൊബൈൽ ഫോണ് സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് ബന്ധുക്കളുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് പുറങ്ങിലുഉള്ള ബന്ധുവിന്റെ വാടക ക്വാർട്ടേഴ്സിൽ നിന്ന് പൊന്നാനി പോലീസ് ഇൻസ്പെക്ടർ എസ്. അഷ്റഫ്, ജൂണിയർ എസ്ഐ നിതിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, എസ്. പ്രശാന്ത് കുമാർ, വിപിൻരാജ്, സിവിൽ പോലീസ് ഓഫീസർ ടിജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം റഷീദിനെ പിടികൂടിയത്.