മഞ്ചേരിയിലെ റോഡ് തകർച്ച; 26ന് ബസുകൾ ഓടില്ല
1585991
Saturday, August 23, 2025 5:39 AM IST
മഞ്ചേരി : മഞ്ചേരി നഗരത്തിലെ ജസീല ജംഗ്ഷൻ മുതൽ നെല്ലിപ്പറന്പ് വരെ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങളായ സാഹചര്യത്തിൽ 26ന് ഇതുവഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഓട്ടം നിർത്തി പ്രതിഷേധിക്കാൻ തീരുമാനിച്ചതായി ബസുടമകൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റോഡ് തകർന്നതിനാൽ ഈ ഭാഗത്ത് സദാസമയവും രൂക്ഷമായ ഗതാഗത കുരുക്കാണ്. ബസുകൾക്ക് സർക്കാർ നിശ്ചയിച്ച സമയക്രമം പാലിക്കാനാകുന്നില്ല. റോഡിൽ കുഴികൾ നിറഞ്ഞതിനാൽ വാഹത്തിന്റെ ലീഫ് പൊട്ടുന്നതും കേടുപാടുകൾ സംഭവിക്കുന്നതും പതിവായി.
വിഷയത്തിൽ ഗതാഗത മന്ത്രിയടക്കമുള്ള അധികൃതർക്ക് പലതവണ പരാതികളും നിവേദനങ്ങളും നൽകിയിട്ടും ഫലം കാണുന്നില്ല. റോഡ് നന്നാക്കുന്നതിനായി കഴിഞ്ഞ സർക്കാർ അഞ്ച് കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. എന്നാൽ നാളിതുവരെ ഇതിന് സാങ്കേതുകാനുമതിയോ ടെൻഡർ നടപടികളോ ഉണ്ടായിട്ടില്ല.
മഞ്ചേരിയിൽ നിന്ന് നെല്ലിപ്പറന്പ് വഴി നിലന്പൂർ, വണ്ടൂർ, അരീക്കോട്, എളങ്കൂർ, ആമയൂർ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന നൂറോളം ബസുകളുടെ അഞ്ഞൂറോളം സർവീസുകളാണ് 26ന് നിർത്തിവയ്ക്കുന്നത്. രാവിലെ 10ന് കച്ചേരിപ്പടി ഐജിബിടി പരിസരത്ത് നിന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലേക്ക് ബസുടമകളും തൊഴിലാളികളും പ്രതിഷേധ മാർച്ചും നടത്തും.
സൂചന സമരത്തിനു ശേഷവും അനുകൂല നടപടിയുണ്ടാകാത്തപക്ഷം അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവയ്ക്കാൻ ബസുടമ സംയുക്ത സമര സമിതി തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.
സംയുക്ത സമരസമിതി ചെയർമാൻ ഹംസ ഏരിക്കുന്നൻ, ജില്ലാ ചെയർമാൻ പക്കീസ കുഞ്ഞിപ്പ, കണ്വീനർ എം.സി. അസൻകുട്ടി എന്ന കുഞ്ഞിപ്പ, വൈസ് ചെയർമാൻ പി. മുഹമ്മദ്ഹാജി എന്ന ബ്രൈറ്റ് നാണി, എം. ദിനേശ് കുമാർ, കിസാൻ മാനു, കെ.എം. സബീർ എന്നിവർ പങ്കെടുത്തു.