നിലന്പൂരിലെ ശൗചാലയം പൂട്ടിയതിനെതിരേ യുഡിഎഫ് പ്രതിഷേധം
1585989
Saturday, August 23, 2025 5:39 AM IST
നിലന്പൂർ: നിലന്പൂർ പുതിയ ബസ് സ്റ്റാൻഡിലെ ശൗചാലയം അടച്ചുപൂട്ടിയ നഗരസഭക്കെതിരെ പ്രതിഷേധവുമായി യുഡിഎഫ്. സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന് മുന്നിലാണ് യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തിയത്. കെപിസിസി അംഗവും നഗരസഭ കൗണ്സിലറുമായ വി.എ.കരീം ഉദ്ഘാടനം ചെയ്തു.
ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന നഗരസഭാ ബസ് സ്റ്റാൻഡിലെ ശൗചാലയം തകരാറിലായിട്ട് നന്നാക്കി തുറന്ന് കൊടുക്കാൻ കഴിയാത്തവരാണ് നഗരസഭ ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബസ് സ്റ്റാൻഡിൽ സ്ത്രീകളും കുട്ടികളും വിദ്യാർഥികളും ബസ്, ഓട്ടോ തൊഴിലാളികളും അടക്കം ഉപയോഗിച്ചിരുന്ന ശൗചാലയമാണ് ദിവസങ്ങളായി അടഞ്ഞുകിടക്കുന്നത്. ഉത്തരവാദിത്തമില്ലാത്ത കെടുകാര്യസ്ഥതയുടെ പര്യായമായി നിലന്പൂർ നഗരസഭാ അധികാരികൾ മാറിയെന്നും വി.എ.കരീം പറഞ്ഞു.
ആര്യാടൻ ഷൗക്കത്ത് എംഎൽഎ നിലന്പൂർ നഗരസഭാ ചെയർമാനായിരുന്ന യുഡിഎഫ് ഭരണ സമിതിയാണ് പുതിയ ബസ് സ്റ്റാൻഡും ശൗചാലയവും നിർമിച്ചത്. അതിന് ശേഷവും യുഡിഎഫ് ഭരണ സമിതി തന്നെ ഭരിച്ചപ്പോഴും ഈ ശൗചാലയം പൂട്ടിയിടേണ്ടി വന്നിട്ടില്ല. ഇപ്പോൾ എൽഡിഎഫ് ഭരണസമിതി വന്നതിന് ശേഷം യഥാസമായങ്ങളിൽ അറ്റകുറ്റപണികൾ നടത്താത്തതാണ് ഇടക്കിടെ പൊതുജനം ദുരിതം അനുഭവിക്കുന്നത്. നിലന്പൂരിലെ റോഡുകൾ പൊട്ടി പൊളിഞ്ഞ് കിടക്കുന്നു. ബസ് സ്റ്റാൻഡിലേക്ക് വരുന്ന പ്രധാന റോഡ് മാസങ്ങളായി കുഴികൾ നിറഞ്ഞ് കിടക്കുകയാണ്.
കരാറുകാരുമായി ചെയർമാനും കൂട്ടാളികളും ബിനാമി ഇടപാടും അവിശുദ്ധ കൂട്ടുകെട്ടുമാണ് നടക്കുന്നതെന്ന് വി.എ.കരീം ആരോപിച്ചു. മുസ്ലിംലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് നാണിക്കുട്ടി കുമഞ്ചേരി അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ഷെറി ജോർജ്, ഡിസിസി അംഗം എ. ഗോപിനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.